അജിത് പവാറിന്റെ പിൻഗാമി ആരാണ് ? അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറോ ?

എൻസിപി അധ്യക്ഷൻ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ പിൻഗാമിയെ കണ്ടെത്താൻ പാർട്ടി ഇന്ന് വെള്ളിയാഴ്ച(30-01-2026) ഔദ്യോഗിക കൂടിയാലോചനകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൽസിപിയിലെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇന്ന് കൂടിക്കാഴ്ചയും നടത്തി.

സുനേത്ര പവാർ

എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ, മന്ത്രി ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ എന്നിവരാണ് ഇന്നു രാവിലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത് . ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്രയും വേഗം ഒരാളെ നിയമിക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എൻസിപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന്റെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. എന്നിരുന്നാലും, പവാർ കുടുംബത്തിൽ നിന്നോ പാർട്ടിയുടെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നോ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.അതേസമയം അജിത് പവാറിന്റെ ആഗ്രഹം പോലെ ശരത് പവർ വിഭാഗവുമായി ലയിക്കണമെന്നായിരുന്നു.അത് നടന്നാൽ ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയോ ശരത് പവാറോ ഉപമുഖ്യമന്ത്രിയാവും

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രഫുൽ പട്ടേൽ, സുനേത്ര പവാറിന്റെ പേര് ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് വ്യക്തമാക്കി. എംഎൽഎമാരുമായും പാർട്ടി പ്രവർത്തകരുമായും ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. നിലവിൽ പവാർ കുടുംബത്തിലെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളിൽ ഒരാൾ തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും ആഗ്രഹമെന്ന് എൻസിപി ചീഫ് വിപ്പ് അനിൽ ഭായ്ദാസ് പാട്ടീൽ പറഞ്ഞു. നിയമസഭാംഗങ്ങളുടെ യോഗത്തിനുള്ള സമയവും തീയതിയും പാർട്ടി നേതൃത്വം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും, അത് അന്തിമ തീരുമാനത്തിലെത്തുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി യുമായി അജിത് പവർ വിഭാഗം ലയനം നടത്താനിരുന്നത് ഫെബ്രുവരി എട്ടിനാണ് .അതിനു മുമ്പാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗംസംഭവിച്ചത് . മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണം ഈ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.