മധ്യപ്രദേശിലെ ഇൻഡോറിലാണ് ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യുസിലന്ഡും തമ്മിൽ നടന്ന പരമ്പരയിലെ അവസാന കളിയിൽ ന്യുസിലാൻഡിനു വിജയം .അതോടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1 നു ന്യൂസിലണ്ട് സ്വന്തമാക്കി .കളിയിലെ താരവും ,പരമ്പരയിലെ താരവും ന്യുസിലാൻഡ് താരം ദാരിൽ മിച്ചൽ ആണ്

മത്സരത്തില്‍ 41 റണ്‍സിനാണ് കിവീസ് ആതിഥേയരായ ഇന്ത്യയെ തോല്‍പ്പിച്ചത്. 337 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46 ഓവറില്‍ 296 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ വിരാട് കോഹ് ലി സെഞ്ച്വറി നേടിയെങ്കിലും ഫലമുണ്ടായില്ല.. ന്യൂസിലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിച്ചത് . ആദ്യ മത്സരം തോറ്റ കിവീസ് തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്.

കോഹ് ലിക്കു പുറമെ നിതിഷ് റെഡ്ഡിയും, ഹര്‍ഷിത് റാണയും മാത്രമാണ് ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. കോഹ് ലി – ഹര്‍ഷിത് റാണ കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 108 പന്തുകള്‍ നേരിട്ട കോഹ്‌ലി 124 റണ്‍സെടുത്താണു പുറത്തായത്. 91 പന്തുകളില്‍നിന്നായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. തുടരെ രണ്ടാം മത്സരത്തിലും ഡാരില്‍ മിച്ചല്‍ സെഞ്ച്വറിയുമായി വെട്ടിത്തിളങ്ങിയപ്പോള്‍ കട്ടയ്ക്ക് കൂടെ നിന്നു പൊരുതി ഗ്ലെന്‍ ഫിലിപ്സും സെഞ്ച്വറിയടിച്ച് ഇന്ത്യയെ കുഴക്കി. ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റില്‍ 219 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

കരിയറിലെ ഒന്‍പതാം സെഞ്ച്വറിയാണ് ഡാരില്‍ മിച്ചല്‍ ഇന്‍ഡോറില്‍ കുറിച്ചത്. ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് ഗ്ലെന്‍ ഫിലിപ്സിന്റെ ബാറ്റില്‍ നിന്നു പിറന്നത്. 5 റണ്‍സില്‍ രണ്ട് വിക്കറ്റുകളും 58ല്‍ മൂന്നാം വിക്കറ്റും നഷ്ടമായ കിവികളെ ഡാരില്‍ മിച്ചല്‍ ഗ്ലെന്‍ ഫിലിപ്സ് സഖ്യം ട്രാക്കിലാക്കിയാണ് പിരിഞ്ഞത്.
ഡാരില്‍ മിച്ചല്‍ 131 പന്തില്‍ 15 ഫോറും 3 സിക്സും സഹിതം 137 റണ്‍സെടുത്താണ് മടങ്ങിയത്. ഗ്ലെന്‍ ഫിലിപ്സ് 88 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 106 റണ്‍സുമായും പുറത്തായി. ആറാമനായി എത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ ബ്രെയ്സ്വെലാണ് കിവി സ്‌കോര്‍ 300 കടത്തിയത്. താരം 18 പന്തില്‍ 28 റണ്‍സ് നേടി. 3 സിക്സുകളും ഒരു ഫോറും ക്യാപ്റ്റന്‍ നേടി. താരം പുറത്താകാതെ നിന്നു.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിനു തുടക്കത്തില്‍ തന്നെ അടി കിട്ടി. സ്‌കോര്‍ 5 റണ്‍സില്‍ നില്‍ക്കെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്, ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ ചെറുത്തു നില്‍പ്പില്‍ അവര്‍ ആദ്യത്തെ ഞെട്ടലില്‍ നിന്നു മുക്തരായി. ഈ സഖ്യം മുന്നോട്ടു പോകുന്നതിനിടെ ന്യൂസിലന്‍ഡിനു വീണ്ടും തിരിച്ചടി കിട്ടി. വില്‍ യങിനെ അവര്‍ക്ക് മൂന്നാമതായി നഷ്ടമായി.
സ്‌കോര്‍ 5ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് കിവികളെ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് സിങാണ് കിവികളെ നിശബ്ദരാക്കിയത്. താരം ഗോള്‍ഡന്‍ ഡക്കായി. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മൂന്നാം ഏകദിനത്തില്‍ ഇലവനിലെത്തിയ താരം അര്‍ഹതയുടെ ഉത്തരം തുടക്കം തന്നെ നല്‍കി. ആദ്യ രണ്ട് കളികളിലും അര്‍ഷ്ദീപിനെ പുറത്തിരുത്തി പ്രസിദ്ധിനെ കളിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷിത് റാണ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയേയും മടക്കിയതോടെ ന്യൂസിലന്‍ഡ് പരുങ്ങി. പിന്നാലെ ഹര്‍ഷിത് വില്‍ യങിനേയും മടക്കി വിക്കറ്റ് നേട്ടം രണ്ടാക്കി. 5 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ കിവികള്‍ക്ക് നഷ്ടമായി. പിന്നീടാണ് വില്‍ യങും ഡാരില്‍ മിച്ചലും ഇന്നിങ്സ് നേരെയാക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോയത്.
സ്‌കോര്‍ 58 വരെ ന്യൂസിലന്‍ഡ് കരുതലോടെ നീങ്ങി. സ്‌കോര്‍ 58ല്‍ നില്‍ക്കെ ഹര്‍ഷിത് റാണ വില്‍ യങിനെ മടക്കി കിവികളെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 30 റണ്‍സുമായി പുറത്തായി. പിന്നീടാണ് ഡാരില്‍ മിച്ചല്‍- ഗ്ലെന്‍ ഫിലിപ്സ് സഖ്യം ക്രീസ് അടക്കി ഭരിച്ചത്. മിച്ചല്‍ ഹെയ് (2), സാക് ഫോക്സ് (10), ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക് 5 പന്തില്‍ ഒരു സിക്സും ഫോറും സഹിതം 11 റണ്‍സുമായി മടങ്ങി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും താരം 10 ഓവറില്‍ 84 റണ്‍സ് വഴങ്ങി. ഇന്ത്യയുടെ ബാക്കി ബൗളര്‍മാരെല്ലാം നല്ല തല്ല് വാങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് വേറിട്ടു നിന്നു. താരം 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും ഒരാളെ മടക്കി.
