ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ ലക്ഷ്യം വെക്കാനുള്ള ഏതൊരു നീക്കവും അമേരിക്കയുമായുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ കടുത്ത പ്രതികരണം.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
രാജ്യത്തെ പരമോന്നത നേതാവിന്റെ സുരക്ഷ ഇറാന്റെ ചുവപ്പ് രേഖയാണെന്നും, അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. ഖമേനിയെ ലക്ഷ്യം വെക്കാൻ മുതിർന്നാൽ അതിന്റെ പ്രത്യാഘാതം മേഖലയ്ക്ക് അപ്പുറത്തേക്ക് പടരുമെന്നും അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ സൈനിക നീക്കമുണ്ടാകുമെന്നും ഖമേനി ഒളിച്ചിരിക്കുന്ന ഇടം തങ്ങൾക്കറിയാമെന്നും ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്, ട്രംപിന്റേത് വെറും അസംബന്ധ പ്രസംഗം മാത്രമാണെന്ന് ഖമേനി പ്രതികരിച്ചു.

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാന്റെ ആരോപണം. അമേരിക്ക സൈനികമായി ഇടപെട്ടാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു വൻ യുദ്ധത്തിനുള്ള സാധ്യതകൾ തെളിയുന്നതായാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
