2026 ലെ ആദ്യത്തെ ഐഎസ്ആർഒ യുടെ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-62 ഇഒഎസ്-എൻ വൺ ദൗത്യം കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപണത്തിലെ മൂന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു. പിന്നാലെ, ദൗത്യത്തിൽ പൂർണ വിജയമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഔദ്യോഗികമായി പറഞ്ഞു.ഇന്ന് (12 -01 -2026 ) ഇന്ത്യക്ക് നിരാശയുടെ ദിനം

കഴിഞ്ഞ തവണയും ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. 2025 മേയിലാണ് പിഎസ്എൽവി-സി61 വിക്ഷേപണം നടത്തിയത്. മൂന്നാം ഘട്ടത്തിൽ അപാകത നേരിട്ടതിനെത്തുടർന്ന് പിഎസ്എല്‍വി സി-61 ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കാതെ വരികയായിരുന്നു.
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കുന്നതായിരുന്നു പുതിയ ദൗത്യം. ഇൻഡോ-മൊറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനിന്റെ കെസ്ട്രൽ ഇനിഷ്യൽ ഡെമോൺസ്ട്രേറ്റർ (കിഡ്), യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഏകദേശം 200 കിലോ ഭാരമുള്ള മറ്റ് ഉപഗ്രങ്ങളുമാണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടത്.

ഡിആർഡിഒ രൂപകൽപന ചെയ്ത ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അതിർത്തി സുരക്ഷയ്ക്കും പ്രതിരോധ ആവശ്യങ്ങൾക്കുമായി ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അത്യാധുനിക ഉപഗ്രഹമാണിത്.

ബംഗളൂരു ആസ്ഥാനമായുള്ള ഓർബിറ്റ് എഐഡി എയ്‌റോസ്‌പേസ് വികസിപ്പിച്ച ‘ആയുൽസാറ്റാ’ണു മറ്റൊരു പ്രധാന ഉപഗ്രഹം. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഭാരതത്തിലെ ആദ്യ ഉപഗ്രഹമാണിത്. ഇതുവരെ ചൈനയ്ക്കു മാത്രമേ ഈ സാങ്കേതിക വിദ്യയുള്ളൂ. കഴിഞ്ഞ വർഷമാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ചരിത്ര നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനാണ് പുതിയ ദൗത്യത്തിലൂടെ ഇന്ത്യ തയ്യാറെടുത്തത്.

