നടൻ വിജയ്ക്ക് ഇനി തമിഴ്‌നാട്ടിൽ വിസിലടിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്ക് ‘വിസില്‍’ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി.

തമിഴ്‌നാട്ടില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയിന്റെ ടിവികെ പാര്‍ട്ടി. വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു.

ജാഗ്രത, ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം എന്നിങ്ങനെ പാര്‍ട്ടിയുടെ സന്ദേശവുമായി ചിഹ്നം യോജിക്കുന്നുവെന്ന് ടിവികെ നേതാക്കള്‍ പ്രതികരിച്ചു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് വിസില്‍. ഇത് ചോദ്യം ചെയ്യല്‍, ഉണര്‍വ്, അനീതി തുറന്നുകാട്ടല്‍ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.