അയോഗ്യനാക്കുന്നതിനു മുമ്പ് മുൻ മന്ത്രി ആന്റണി രാജു എംഎൽഎ സ്ഥാനം രാജിവെക്കും

മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി. ആന്റണി രാജുവിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സ്പീക്കര്‍ക്ക് ഇന്ന് തന്നെ രാജിക്കത്ത് നല്‍കിയേക്കും. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും.