2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ്നാളെ (2026 ഫെബ്രുവരി ഒന്ന് ) പാർലമെന്റിൽ അവതരിപ്പിക്കും. ഇത്തവണ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. 1999-ന് ശേഷം ആദ്യമായാണ് രാജ്യത്തിന്റെ പൊതുബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്.
സാധാരണയായി പ്രവൃത്തിദിവസങ്ങളിലാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ കലണ്ടർ പ്രകാരം ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ, അവധി ദിനത്തിൽ തന്നെ ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇതിനുമുമ്പ് 1999-ലാണ് ഇത്തരത്തിൽ ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. അന്ന് അടൽ ബിഹാരി വാജ്പേയി സർക്കാരിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിച്ചത്. അതിനുശേഷം നീണ്ട 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ കീഴ്വഴക്കം വീണ്ടും ആവർത്തിക്കുന്നത്.
ഞായറാഴ്ച ഓഹരി വിപണികൾക്ക് അവധിയായതിനാൽ, ബജറ്റ് പ്രഖ്യാപനങ്ങളോടുള്ള വിപണിയുടെ തൽക്ഷണ പ്രതികരണം ഇത്തവണ ഉണ്ടാകില്ല. പകരം, തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ മാത്രമാകും ബജറ്റിന്റെ ആഘാതം വ്യക്തമാകുക.
ബജറ്റ് അവതരണ സമയം വൈകീട്ട് അഞ്ച് മണിയിൽ നിന്നും രാവിലെ 11 മണിയിലേക്ക് മാറ്റിയതും, ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസത്തിന് പകരം ഒന്നാം തീയതിയിലേക്ക് മാറ്റിയതും ഉൾപ്പെടെയുള്ള മുൻകാല പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ നീക്കത്തെയും സാമ്പത്തിക വിദഗ്ധർ കാണുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ എട്ടാമത്തെ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് 27 വർഷങ്ങൾക്ക് മുമ്പാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിച്ചത്. 1999-ലെ ഞായറാഴ്ച ബജറ്റ് മുമ്പ് ഞായറാഴ്ച ബജറ്റ് അവതരിപ്പിച്ചത് 1999 ഫെബ്രുവരി 28-നായിരുന്നു.
അന്നത്തെ അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് അന്ന് ബജറ്റ് അവതരിപ്പിച്ചത്. ആ ബജറ്റ് ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമല്ല ചരിത്രത്തിൽ ഇടംപിടിച്ചത്. അതുവരെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ലണ്ടൻ സമയം കൂടി കണക്കിലെടുത്ത് തുടർന്നുവന്ന രീതിയായിരുന്നു അത്. എന്നാൽ 1999-ലെ ആ ഞായറാഴ്ചയോടെ സമയം രാവിലെ 11 മണിയിലേക്ക് മാറ്റി. അന്നുമുതൽ ആ സമയമാണ് ഇന്ത്യയിൽ പിന്തുടരുന്നത്.

2017 മുതലാണ് ബജറ്റ് അവതരണം ഫെബ്രുവരി അവസാനത്തിൽ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഏപ്രിൽ 1-ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുൻപ് ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും അംഗീകരിക്കാനും നടപ്പിലാക്കാനും പാർലമെന്റിന് മതിയായ സമയം നൽകുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യം.
ഇന്ത്യയിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത് ഏപ്രിൽ 1-നാണ്. ബജറ്റ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും പാർലമെന്റിന്റെ ഇരുസഭകളും അത് പാസാക്കാനും മതിയായ സമയം (ഏകദേശം രണ്ട് മാസം) ലഭിക്കുന്നതിനാണ് ഫെബ്രുവരി ഒന്നിന് ഇത് അവതരിപ്പിക്കുന്നത്. ഏപ്രിൽ 1 മുതൽ തന്നെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അനുവദിച്ച തുക കാര്യക്ഷമമായി ചെലവഴിക്കാൻ തുടങ്ങാം.

മുൻപ് ഫെബ്രുവരി അവസാന വാരമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇത് പാസായി വരുമ്പോഴേക്കും മഴക്കാലം തുടങ്ങാറുണ്ടായിരുന്നു, ഇത് നിർമ്മാണ പ്രവർത്തനങ്ങളെയും മറ്റും വൈകിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് 2017-ലാണ് ബജറ്റ് അവതരണം ഫെബ്രുവരി അവസാനത്തിൽ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. 2017-ൽ തന്നെയായിരുന്നു 92 വർഷം പഴക്കമുള്ള റെയിൽവേ ബജറ്റും പൊതു ബജറ്റും ഒന്നാക്കി മാറ്റിയത്. ഇതോടെ മുഴുവൻ സാമ്പത്തിക പദ്ധതികളും ഒരൊറ്റ ദിവസം തന്നെ അവതരിപ്പിക്കാൻ സാധിക്കുന്നു.
