വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. പുനര്‍ജനി ക്രമക്കേടിലാണ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

എഫ്‌സിആര്‍എ നിയമം, 2010 ലെ സെക്ഷന്‍ 3(2)(a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പുനര്‍ജന പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയായിരുന്നു. എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നെന്നും, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി തേടിയശേഷം വിദേശത്തു പോയി ഫണ്ട് ശേഖരിച്ചതും, കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കേസന്വേഷണത്തില്‍ വിജിലന്‍സിന് പരിമിതി ഉള്ളതിനാല്‍ സിബിഐ അന്വേഷിക്കുകയാകും ഉചിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള നിയമസഭയിലെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം രണ്ടിലെ റൂള്‍ 41 പ്രകാരം നിയമസഭ സാമാജികന്‍ എന്ന നിലയില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടിയെടുക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയസമയത്ത് പുനരധിവാസത്തിനായി പുനര്‍ജനി പദ്ധതി പ്രകാരം ഫണ്ട് പിരിച്ചതാണ് കേസിന് അടിസ്ഥാനം.