വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം.

ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

മുൻപ് പൊതു സ്ഥാപനങ്ങൾക്ക് പേരിടുമ്പോൾ ദൈവനാമങ്ങൾ ഉപയോഗിക്കരുത് എന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമ പ്രകാരം നിരോധിത നാമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പേരുകളോ, സർക്കാർ,അർധസർക്കാർ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാരനാമമായി ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
