കേരളത്തിൽ ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡ് സ്ഥാപിച്ച ശങ്കരാഭരണം വീണ്ടും തിയ്യേറ്ററിലേക്ക്

ഒരു കാലത്ത് തിയ്യറ്ററുകളിൽ വൻ ഹിറ്റായിരുന്ന ശങ്കരാഭരണം 56 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രദർശനത്തിനായി തിയേറ്ററുകളിലെത്തുന്നു.മികച്ച സാങ്കേതിക വിദ്യയിൽ അഭ്രപാളികളിൽ വിസ്‌മയം തീർക്കാൻ തക്ക തരത്തിലാണ് ശങ്കരാഭരണത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്.ഉടനെ തിയ്യേറ്ററുകളിൽ എത്തുമെന്നാണ് സൂചന .എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാനൽ ഫൈവ് ആണ് ന്യൂ ഡിജിറ്റൽ വെർഷൻ തയ്യാറാക്കിയിട്ടുള്ളത്..ചാനൽ ഫൈവ് ഉടമ സിനിമ സംവിധായകനും നിർമാതാവുമായ ശ്രീലാൽ ദേവരാജാണ് .ആഗോള തലത്തിൽ 4 k 7.1 atmos ഫോർമാറ്റിലാണ് ശങ്കരാഭരണത്തിന്റെ പുതിയ പതിപ്പ് .

1979 ൽ തെലുങ്ക് ഭാഷയിൽ നിർമ്മിച്ച ഈ സിനിമ സ്വർണ്ണകമലം പുരസ്കാരം നേടിയ സംഗീതപ്രധാനമായ ചലചിത്രമാണ് .കെ. വിശ്വനാഥ് കഥയും സം‌വിധാനം നിർവഹിച്ച ഈ ചലചിത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണോദയാ മൂവി ക്രിയേഷൻസ് ആണ്.

തെലുഗു ചലചിത്ര വ്യവസായത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ശങ്കരാഭരണം, കർണ്ണാടക സംഗീതത്തിനു വന്നുകൊണ്ടിരിക്കുന്ന ക്ഷയാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി പ്രദർശനത്തിനെത്തി.രണ്ടിടങ്ങളിലും വൻ ഹിറ്റായിരുന്നു.ഈ ചിത്രത്തോടെയാണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകൻ പ്രശസ്തിയിലേക്ക് കുതിച്ചത്.

കെ.വി. മഹാദേവൻ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ജീവവായുവാണ്. എസ്.പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം എന്നിവർ പാടിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. “ശങ്കരാ… നാദശരീരാ…”, “ഓങ്കാര നാദാനു…” തുടങ്ങിയ പാട്ടുകൾ മലയാളികൾക്കിടയിലും വലിയ ഹിറ്റായിരുന്നു.

ജെ.വി. സോമയാജുലു: ശങ്കരശാസ്ത്രികൾ എന്ന മുഖ്യ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. ഈ വേഷത്തിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ അവിസ്മരണീയമായ രൂപങ്ങളിൽ ഒന്നായി മാറി.

മഞ്ജു ഭാർഗവി എന്ന അഭിനേത്രി തുളസി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അവരുടെ നൃത്തവും പ്രകടനവും സിനിമയുടെ പ്രേക്ഷക ശ്രദ്ധ നേടി .

തെലുങ്ക് സിനിമയാണെങ്കിലും കേരളത്തിൽ ഒരു വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച റെക്കോർഡ് ശങ്കരാഭരണത്തിനുണ്ട്. സാധാരണക്കാർക്കിടയിൽ പോലും ശാസ്ത്രീയ സംഗീതത്തോട് ആഭിമുഖ്യം വളർത്താൻ ഈ സിനിമ സഹായിച്ചു.

കെ.വി. മഹാദേവൻ സംഗീതമാണ് ഈ സിനിമയുടെ പ്രധാന ആകർഷകമായത് .കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ്‌ ധീരശങ്കരാഭരണം അഥവാ ശങ്കരാഭരണം.ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ മേജർ സ്കെയിലുകൾ തുടങ്ങിയവ.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു.