മരിക്കുന്നതുവരെ താൻ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് ലാലി ജെയിംസ്

മരിക്കുന്നതുവരെ താൻ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് ലാലി .തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച കോർപ്പറേഷൻ കൗൺസിലറാണ് ലാലി ജെയിംസ്.

സസ്‌പെന്‍ഷനില്‍ തനിക്ക് വേദന ഇല്ലെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും ലാലി ജെയിംസ് പറഞ്ഞു.മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിക്കെതിരായ നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നടപടിയുടെ കാര്യം ആരും അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ വിളിക്കുമ്പോഴാണ് അറിയുന്നത്. എന്റെ പാര്‍ട്ടി സ്‌നേഹിക്കും, പ്രഹരിക്കും ഒക്കെ ഉണ്ടായിക്കോട്ടെ. ചില ആരോപണങ്ങള്‍ പറഞ്ഞു എന്നുള്ളത് ശരിയാണ്. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് എന്റെ പാര്‍ട്ടിക്ക് ഇപ്പോള്‍ ഡാമേജ് ഉണ്ടാക്കില്ല. സസ്‌പെന്‍ഷന്‍ അങ്ങനെ തന്നെ നിന്നോട്ടെ. എന്റെ വായടപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഒക്കെ തരും. ഞാന്‍ അത് സ്വീകരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായി തന്നെ തുടരും. പാര്‍ട്ടി വിട്ട് ഓടിപ്പോകാനൊന്നും പോകുന്നില്ല – ലാലി പറഞ്ഞു.

ഇത്തരത്തില്‍ പക്വതക്കുറവ് കാണിക്കുന്ന ചില നേതാക്കള്‍ പാര്‍ട്ടി അണികളെ പാര്‍ട്ടിയില്‍ നിന്ന് ഓടിക്കുന്നതിന്റെ ലക്ഷണമാണ് ഈ കാണുന്നത്. പാര്‍ട്ടി നേതാക്കള്‍ അണികളോട് ഇടപെടുകയും കാര്യങ്ങളെ ഗൗരവമായി കാണുകയുമാണ് വേണ്ടത്. അല്ലാതെ സസ്‌പെന്‍ഷന്‍ തന്ന് വായടപ്പിക്കുക, സസ്‌പെന്‍ഷന്‍ കിട്ടിയതിന്റെ പേരിലുള്ള വെളിപ്പെടുത്തലാണെന്ന് പിന്നെ പറയുക അതൊക്കെ എന്താണെന്ന് വച്ചാല്‍ ചെയ്‌തോട്ടെ. സസ്‌പെന്‍ഷന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നു. പാര്‍ട്ടിയില്‍ തന്നെ തുടരും – അവര്‍ വ്യക്തമാക്കി.

നമ്മളെ പറഞ്ഞ് പറ്റിച്ച് ഇതുവരെ കൊണ്ടുവന്ന് അവസാനത്തെ രണ്ട് ദിവസം കൊണ്ട് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നു. പുതിയ തീരുമാനങ്ങള്‍ കൊണ്ടുവരുന്നു. നമ്മള്‍ മജ്ജയും മാംസവുമുള്ള, വികാരങ്ങളുള്ള വ്യക്തികളല്ലേ. നമുക്കും അതിന്റെ സ്വഭാവങ്ങളെ കുറിച്ച് മനസിലാകുമല്ലോ. അതിന്റെ ചില വശങ്ങളിലേക്ക് മാത്രമേ കടന്നിട്ടുള്ളു. കൂടുതല്‍ വശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിക്ക് ഡാമേജ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല – ലാലി ജെയിംസ് പറഞ്ഞു.