’10 മിനിറ്റ് ഡെലിവറി’ എന്ന അതിവേഗ സേവനത്തിന്റെ പേരിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. റോഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിക്കണമെന്ന കമ്പനികളുടെ കടുത്ത സമ്മർദ്ദം മൂലം ഡെലിവറി ഏജന്റുമാർ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഗ്നൽ ലംഘനം, തെറ്റായ ലെയ്ൻ മാറ്റം, സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെയുള്ള യാത്ര എന്നിവ റൈഡർമാർക്കിടയിൽ പതിവാകുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് വകുപ്പിന്റെ ഇടപെടൽ.അതിവേഗ ഡെലിവറി സംവിധാനം റോഡ് സുരക്ഷയെ ബാധിക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കുന്നുവെന്നും റൈഡർമാരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദീകരിക്കാൻ കമ്പനികളോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമയം ജീവനേക്കാൾ പ്രധാനമാണെന്ന തെറ്റായ സന്ദേശമാണ് ഇത്തരം ബിസിനസ് മാതൃകകൾ നൽകുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ നിരീക്ഷിച്ചു. റോഡ് സുരക്ഷ മുൻനിർത്തി അതിവേഗ ഡെലിവറി സംവിധാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും നിയമലംഘനങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം
മുന്നറിയിപ്പ് നൽകി.

വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കുമെന്ന് എറണാകുളം എൻഫോഴ്സ്‌മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
