അടുത്ത വർഷം 2026 ൽ സ്വർണ വില ആഗോള വിപണിയിൽ ഔണ്‍സിന് 5000 ഡോളർ വരെ ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവന് വില 1.12 ലക്ഷം രൂപയെങ്കിലുമാവും .അതായത് ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് 1.20 ലക്ഷം രൂപ എങ്കിലും ഒരു പവന് കൊടുക്കേണ്ടി വരാം..
അതേസമയം മറ്റു ചിലരുടെ നിഗമനം അടുത്തവർഷം അവസാനിക്കുന്നതിനു മുമ്പ് കേരളത്തിൽ പവന് രണ്ടുലക്ഷം കടക്കുമെന്നാണ് . എന്നാൽ വിദേശങ്ങളിൽ നിന്നും വരുന്ന സ്വർണത്തിനു നികുതിയിൽ വൻ കുറവ് കേന്ദ്ര സർക്കാർ വരുത്തിയാൽ വൻ തോതിൽ വില കുറയാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.
ഈ വർഷം 2025 ൽ സ്വർണ്ണവിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.വിലയിൽ ഏകദേശം 70% ത്തിൻ്റെ വർധനയാണ് . 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക കുതിച്ചുചാട്ടമാണിത്.

വർദ്ധിച്ച രാഷ്ട്രീയ പിരിമുറുക്കങ്ങൾ, സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, സാമ്പത്തിക അനിശ്ചിതത്വങ്ങളിലെ സുരക്ഷിത നിക്ഷേപ ആവശ്യം, ദുർബലമായ യുഎസ് ഡോളർ, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് എന്നിവയെല്ലാം ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി.
രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് വില 4,490 ഡോളറാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുതിക്കുകയാണ്. കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 101,608 രൂപയാണ്, ഗ്രാമിന് 12,701 രൂപയും.

രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 125 മുതൽ 150 ടൺ വരെയാണ് സംസ്ഥാനത്തെ സ്വർണ വിൽപന. അതായത് ഒരു ദിവസം ഏകദേശം 250 മുതൽ 350 കോടി വരെ സ്വർണം വിൽക്കുന്നു.
കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 20 ലക്ഷം കിലോ സ്വർണം. ഒരു കിലോ സ്വർണത്തിന് ഏകദേശം 1.27 കോടി രൂപ. അങ്ങനെയെങ്കിഞ 20 ലക്ഷം കിലോ സ്വർണത്തിൻ്റെ മൂല്യം ഏകദേശം 25 ലക്ഷം കോടി വരും.

വില ഉയർന്നതോടെ വലിയ വിഭാഗം മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. ആഭരണങ്ങൾക്ക് പകരം നിക്ഷേപ താത്പര്യത്തോടെ സ്വർണ കോയിനുകളും സ്വർണക്കട്ടികളുമാണ് പലരും വാങ്ങുന്നത്.

മൂല്യം കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങൾ ചിലർ വാങ്ങുന്നുമുണ്ട്. എന്നാൽ ഇവയ്ക്ക് 22 കാരറ്റ് ആഭരണങ്ങൾക്ക് ലഭിക്കുന്ന വില പിന്നീട് വിൽക്കുമ്പോൾ ലഭിക്കില്ല. അതുകൊണ്ട് തന്നെ നിക്ഷേപമാണ് സ്വർണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ 22 കാരറ്റ്, 24 കാരറ്റ് ആഭരണങ്ങൾ തന്നെയാണ് ഉചിതം.

കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്ന രീതി വർധിച്ചിട്ടുണ്ട്. എന്നാൽ സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങൾ . ഈ സാഹചര്യത്തിൽ ഇപ്പോൾ വിറ്റൊഴിവാക്കുന്നതിന് പകരം വിപണിയിലെ നീക്കങ്ങളെ കരുതലോടെ വീക്ഷിക്കാനാണ് സാമ്പത്തിക വിദഗ്ധർ ഉപദേശിക്കുന്നത്.

