കമ്യൂണിസ്ററ് പാർടി ഭരിക്കുന്ന ചൈനയില്‍ ക്രൈസ്തവ വിശ്വാസികളുടെ സ്വതന്ത്ര സഭയായ സിയോണ്‍ സഭയുടെ മുപ്പതിലധികം പാസ്റ്റര്‍മാരെ പോലീസ് അറസ്റ്റ് ചെയത് ജയിലിലടച്ചു.സിയോണ്‍ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിന്‍ മിംഗ്രിയും ഇതിൽ ഉൾപ്പെടുന്നു.

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭകളെ ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഈ നടപടി.ചൈനയിലെ സ്വതന്ത്ര സഭകളില്‍ ഏറ്റവും വലുതാണ് സിയോണ്‍ സഭ. ബീജിംഗ്, ഷാങ്ഹായ് ഉള്‍പ്പെടെ 10 നഗരങ്ങളിലായിയിരുന്നു പരിശോധന. പാസ്റ്റര്‍മാര്‍, സഭാ നേതാക്കള്‍, അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യത്ത് സര്‍ക്കാര്‍ കണക്കുകളില്‍ 3.8 കോടി പ്രൊട്ടസ്റ്റന്റുകളും 60 ലക്ഷത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുമുണ്ട്. അതിലുമധികം ആളുകള്‍ വിവിധ സഭകളിലായി ആരാധനകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. അംഗീകാരമില്ലാത്ത സഭകള്‍ക്ക് ആരാധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ പ്രവര്‍ത്തിക്കാനോ അനുവാദമില്ല. ഇതിന്‍റെ ഭാഗമായി പള്ളികളുടെ കെട്ടിടങ്ങള്‍ തകർക്കുകയും ചെയ്തിട്ടുണ്ട്.

അംഗീകാരമുള്ള സഭകളാണെങ്കിലും 2018-ല്‍ കൊണ്ടുവന്ന നിയമപ്രകാരം പൊതുവായ ആരാധനകള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.ലൈസന്‍സുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ അനുമതിയുള്ളു. ഇത് അംഗീകാരമില്ലാത്ത സഭകളെ നിയന്ത്രിക്കാനായി ഉദ്ദേശിച്ച് കൊണ്ടുവന്നതാണ്.സിയോണ്‍ സഭയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം.

പൗരന്മാര്‍ക്ക് നിയമമനുസരിച്ച് മതസ്വാതന്ത്ര്യം ആസ്വദിക്കാന്‍ അവകാശമുണ്ടെന്ന് ലണ്ടണിലെ ചൈന എംബസി വക്താവ് ബിബിസിയോട് പ്രതികരിച്ചു. എന്നാല്‍,എല്ലാ മതഗ്രൂപ്പുകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ചൈനയിൽ ക്രിസ്ത്യൻ പുരോഹിതന്മാരുടെയും പാസ്റ്റർമാരുടെയും പദവി സങ്കീർണ്ണവും ഭരണകൂടത്താൽ വളരെയധികം നിയന്ത്രിക്കപ്പെടുന്നതുമാണ്. സർക്കാർ അനുമതിയുള്ള പള്ളികളിലെ പുരോഹിതന്മാരും രജിസ്റ്റർ ചെയ്യാത്ത “അണ്ടർഗ്രൗണ്ട്” അല്ലെങ്കിൽ “ഹൗസ് ചർച്ചുകളിൽ” ഉള്ളവരും തമ്മിലുള്ളതാണ് പ്രാഥമിക വ്യത്യാസം.