യുഎസ് പാസ്പോര്‍ട്ട് ഏഴാം സ്ഥാനത്ത് നിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും ശക്തവും ദുര്‍ബലവുമായ പാസ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഹെന്‍ലി & പാര്‍ട്ടണേഴ്സ് 2025 ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡെക്‌സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ആഗോളതലത്തിലും അറബ് തലത്തിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങളാണ് ഈ റാങ്കിംഗില്‍ ഉള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി യുഎസ് പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ ആദ്യ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍നിന്ന് പുറത്തായി. സിംഗപ്പൂര്‍ ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

മലേഷ്യക്കൊപ്പമാണ് നിലവില്‍ യുഎസിന്റെ സ്ഥാനം. മുന്‍കൂര്‍ വിസയില്ലാതെ 227 ലക്ഷ്യസ്ഥാനങ്ങളില്‍ 180 എണ്ണത്തിലേക്ക് യു.എസ് പാസ്പോര്‍ട്ട് ഉടമക്ക് പ്രവേശനം സാധിക്കും. 2014-ല്‍ യു.എസ് പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നതിന് ശേഷം ഇത്തരത്തില്‍ ഒരു വലിയ ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമാണ്.

ആഗോള റാങ്കിംഗില്‍ ഏഷ്യന്‍-യൂറോപ്യന്‍ ആധിപത്യമാണ്. സിംഗപ്പൂര്‍ 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ലോകത്ത് ഒന്നാമത് എത്തി. ദക്ഷിണ കൊറിയ 190 ലക്ഷ്യസ്ഥാനങ്ങളുമായി രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ 189 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി മൂന്നാം സ്ഥാനത്തുമാണ്. ആഗോളതലത്തില്‍ ഏറ്റവും ശക്തമായ ആദ്യ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണുള്ളത്.

യു.എ.ഇ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും തുടരുന്നു. മുന്‍കൂര്‍ വിസയില്ലാതെ 184 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ള യുഎഇ, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും ശക്തമായ അറബ് പാസ്പോര്‍ട്ട് എന്ന സ്ഥാനം ഉറപ്പിച്ചു. ഖത്തര്‍ 52-ാം സ്ഥാനത്തും സൗദി അറേബ്യ 57-ാം സ്ഥാനത്തുമാണ്.

അഫ്ഗാനിസ്ഥാന്‍ (24 ലക്ഷ്യസ്ഥാനങ്ങള്‍) ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടായി തുടരുന്നു. അറബ് രാജ്യങ്ങളില്‍, ഇറാഖ് (104 ം സ്ഥാനം, 29 ലക്ഷ്യസ്ഥാനങ്ങള്‍), സിറിയ (105 ാം സ്ഥാനം, 26 ലക്ഷ്യസ്ഥാനങ്ങള്‍) എന്നിവ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകളുടെ കൂട്ടത്തിലുണ്ട്.

നയതന്ത്ര ബന്ധങ്ങളിലെ ശക്തിയും രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ തുറന്ന സമീപനവുമാണ് പാസ്പോര്‍ട്ട് റാങ്കിംഗില്‍ പ്രതിഫലിക്കുന്നതെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. യാത്രയും ഹ്രസ്വകാല താമസ നടപടികളും ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകള്‍ അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒപ്പുവെക്കുന്നതോടെ 2026-ല്‍ റാങ്കിംഗില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
