ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചു;പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കി:എസ്‍ പി

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്‍പി കെ ഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നും അവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും കോഴിക്കോട് റൂറല്‍ എസ്‌പി കെഇ ബൈജു പറഞ്ഞു. വടകരയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റൂറല്‍ എഎസ്‌പി യുടെ പ്രതികരണം.

പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് എസ്‌പി പറഞ്ഞു. ‘ലാത്തിച്ചാര്‍ജ് ഞങ്ങള്‍ പൊലീസ് ചെയ്തിട്ടില്ല. ലാത്തിച്ചാര്‍ജ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരുകമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയൊരു ആക്ഷന്‍ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ ചില ആളുകള്‍ മനഃപൂര്‍വം അവിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ പിന്നീട് മനസിലാക്കി. ഞങ്ങളിപ്പോള്‍ എഐ ടൂള്‍ ഒക്കെ ഉപയോഗിച്ച് അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എംപിയെ പൊലീസുകാര്‍ പിറകില്‍കൂടെ ലാത്തി കൊണ്ട് ഇങ്ങനെ… അതിനുമുമ്പ് എല്ലാ വിഷ്വല്‍സും നോക്കിയിട്ടാണ് ഞാന്‍ പറഞ്ഞത് ലാത്തിച്ചാര്‍ജ് ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന്. ഇപ്പോഴും ആ സ്റ്റാന്‍ഡാണ്. ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ല’, റൂറല്‍ എസ്പി പറഞ്ഞു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംപിക്ക് മര്‍ദനമേറ്റത്. സംഘര്‍ഷത്തില്‍ എംപിക്ക് തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തത്. നേരത്തെ, സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ‘ഷോ’ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.