ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ

ശബരിമലയിലെ സ്വർണമോഷണ കേസിൽ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളാണ്. എന്നാൽ ആരുടെയും പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നില്ല.

സിപിഎം നേതാവ് എ .പദ്‌മകുമാർ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ൽ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വർണ പാളികൾ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി. എ.പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ ശങ്കർ ദാസ് കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.

നേരത്തെ, സ്വർണപാളി മോഷണം പോയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേർ പ്രതികളാണ്.

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.