ഈ മുൾക്കിരീടം തന്നിൽ നിന്നും എടുത്ത് മാറ്റുക ;കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് തന്നെ ഒഴിവാക്കി പകരം രാജ്യസഭംഗമായ സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പറഞ്ഞതാണ് എനിക്ക് മന്ത്രിയൊന്നും ആകണ്ടായെന്ന്, എനിക്കെന്റെ സിനിമ തുടരണം, മന്ത്രി ആയാല്‍ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. എനിക്ക് സിനിമ അഭിനയം തുടരണം, ഒരുപാട് സമ്പാദിക്കണം, എന്റെ കുഞ്ഞുങ്ങള്‍ എവിടെയും എത്തിയിട്ടില്ല. എന്റെ വരുമാനത്തില്‍ വിശ്വസിക്കുന്ന കുറച്ച് ആള്‍ക്കാരുണ്ട് അതില്‍ കുറച്ചു പേരെ സഹായിക്കണമെങ്കില്‍ പണ വരുമാനം നിലയ്ക്കാന്‍ പാടില്ല. ഇപ്പോള്‍ നല്ല തോതില്‍ നിലച്ചിട്ടുണ്ട്, ഞാന്‍ ആത്മാര്‍ഥമായി പറയുന്നു എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തന്റെ കലുങ്ക് ചര്‍ച്ചക്കെതിരായ പ്രചരണത്തിനെതിരെയും സുരേഷ് ഗോപി പ്രതികരിച്ചു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കലുങ്ക് ചര്‍ച്ചകളില്‍ ജനാധിപത്യത്തിന്റെ നൈര്‍മല്യമുണ്ടെന്നും പ്രജ എന്ന് പറഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്നും പ്രജ എന്താണെന്ന് ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മിനിഞ്ഞാന്ന് പറഞ്ഞ കലുങ്ക് ചര്‍ച്ചയ്ക്ക് ‘സര്‍ജിക്കല്‍ സ്‌ട്രൈയ്ക്ക്’ ഉണ്ടാകും. കലുങ്ക് ചര്‍ച്ചകള്‍ക്ക് വരുന്ന ജനങ്ങള്‍ക്കെല്ലാം അത് ഗുണകരമാണ്. ജനസമ്പര്‍ക്കത്തിന്റെ നൈര്‍മല്യം അതിനുണ്ട്. അവിടെയിരുന്ന് കേള്‍ക്കുന്നവര്‍ക്കും അവരോട് സംസാരിക്കുന്നവര്‍ക്കും രാഷ്ട്രീയ ശുദ്ധിയും മനശുദ്ധിയും അനിവാര്യതയായിരുന്നു. അത് സംഭവിച്ചു തുടങ്ങിയതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. അതാണ് അവരുടെ വ്യാകുലത. ഒന്നിനെയും താന്‍ വെറുതെ വിടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.