തന്റെ മകന് ഇ.ഡി നോട്ടീസ് അയച്ചെന്ന ആരോപണത്തെ തള്ളി പിണറായി വിജയൻ;കളങ്കിതനാക്കാൻ ശ്രമം

വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇ.ഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും തന്നെ സമൂഹത്തിനു മുന്നിൽ കളങ്കിതനാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്റെ രാഷ്ട്രീയ ജീവിതം ഈ നാടിനറിയാവുന്നതാണ്. അത് കളങ്കരഹിതമായ ഒന്നാണ്. അതുകൊണ്ടാണ് കളങ്കിതനാക്കുള്ള ശ്രമങ്ങൾ നടന്നപ്പോഴെല്ലാം ഞാൻ ശാന്തനായി പ്രതികരിച്ചത്. ഇതുവരെ ഒന്നും എന്നെ ബാധിച്ചിട്ടില്ല.എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു .

ദുഷ്പേര് ഉണ്ടാക്കുന്ന രീതിയിൽ തന്റെ മക്കൾ ആരും പ്രവർത്തിച്ചിട്ടില്ലെന്നും മക്കളിൽ അഭിമാനം ഉണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘എവിടെയാണ് സമൻസ് കൊടുത്തത്. ആരുടെ കൈയ്യിലാണ് കൊടുത്തത്. ആർക്കാണ് അയച്ചത്. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുകയാണ്. സമൂഹത്തിനു മുന്നിൽ എന്നെ കളങ്കിതനാക്കി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങനെ ചിത്രീകരിക്കാൻ ശ്രമിച്ചാൽ കളങ്കിതനാകുമോ?’ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

തന്റെ രാഷ്ട്രീയ ജീവിതം കളങ്ക രഹിതമാണെന്നും അത് കേരളത്തിന് അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പം നിന്നു. എന്റെ മക്കള്‍ രണ്ടുപേരും അതേനില സ്വീകരിച്ചു പോയിട്ടുണ്ട്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?

ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നു പോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും ഒരു മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ.

അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. ആരോപണങ്ങളൊന്നും തന്നെ ബാധിക്കില്ല.’ യതൊരു അഴിമതിയും ജീവിതത്തിൽ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.