ഇനി മുതൽ ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം

ബ്രാഹ്‌മണരല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശരിവെച്ചു. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹർജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തത്. 2024 ലാണ് ഇത് സംബന്ധിച്ച ഹർജി കോടതിയുടെ പരിഗണനയില്‍ വരുന്നത്. പാര്‍ട്ട് – ടൈം ശാന്തി നിയമന ചട്ടങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റത്തെ എതിര്‍ത്തു കൊണ്ടായിരുന്നു അഖില കേരളാ തന്ത്രി സമാജം ഹര്‍ജി നല്‍കിയത്. മുന്നൂറോളം തന്ത്രി കുടുംബങ്ങളെ പ്രതിനിധീകരിച്ച് അഖില കേരള തന്ത്രിസമാജത്തിന്റെ പ്രസിഡന്റ് അടക്കം രണ്ട് ഭാരവാഹികളായിരുന്നു ഹര്‍ജിക്കാര്‍.

തമിഴ്‌നാട്ടിൽ എം കരുണാനിധിയുടെ കാലത്ത് ബ്രാഹ്മണർമാരല്ലാത്തവരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചിരുന്നു.