നികുതി അടയ്ക്കാതെ സർവീസ് ; ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി

കൃത്യമായി നികുതി അടയ്ക്കാതെയും സ്പെഷ്യൽ പെർമിറ്റ് എടുക്കാതെയും സർവ്വീസ് നടത്തിയ ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഇതരസംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾ നികുതി അടക്കാതെ അനധികൃതമായി സർവ്വീസ് നടത്തുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ( ഒക്ടോബർ 6 ) പതിനഞ്ചോളംതമിഴ് നാട് രജിസ്ട്രേഷൻ കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു .വാഹനങ്ങൾക്ക് പിഴ ചുമത്തുകയും തുടർ നടപടികൾക്കായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.