വൈഷ്ണവിയുടെ മരണം കൊലപാതകമോ ? ദീക്ഷിത് പോലീസ് കസ്റ്റഡിയിൽ

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ഭർത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ് . ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിൽ .

പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരണത്തിലാണ് ഭര്‍ത്താവ് ദീക്ഷിത് പിടിയിലായത്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഈസമയം ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ശ്രീകൃഷ്ണപുരം പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്തി മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവിയെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നാണ് വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം കഴിഞ്ഞത്. തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം വൈഷ്ണവിയുടെ മൃതദേഹം ആനമങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.