വെളിച്ചം തരുന്ന കെ.എസ്.ഇ.ബി സ്വന്തം ആസ്തികളുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പുന്നു.

കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ഇ ബി .വൈദ്യുതി കമ്പനിയായ കെ.എസ്.ഇ.ബി.ക്ക് സ്വന്തമായിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയുടെ കൃത്യമായ രേഖകളില്ലെന്ന് ആക്ഷേപം.

സ്വന്തം ആസ്തികളെ സംബന്ധിച്ച രേഖകളുമില്ല. രജിസ്ട്രറുമില്ല . അതോടൊപ്പം ഉടമസ്ഥാവകാശ രേഖകളുടെ പട്ടികയോ അടിസ്ഥാന ഉടമസ്ഥാവകാശ വിവരങ്ങളോ പോലുമില്ലെന്നാണ് ആക്ഷേപം . എന്നിട്ടും കെഎസ്ഇബി 25,000 കോടിയിലധികം രൂപയുടെ ഭൗതിക ആസ്തികൾ അക്കൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഓഡിറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട് .ഈ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ പുതിയതല്ലെന്നാണ് ഓഡിറ്റർമാരുടെ വാദം..ഓരോ വാർഷിക പാദത്തിലും ഇക്കാര്യം അവർ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും കെഎസ്ഇബി വകവെച്ചില്ല എന്നാണ് പരാതി. പ്രശ്നം പരിഹരിക്കാൻ കമ്പനി യാതൊരു നടപടിയും സ്വീകരിച്ചതായി ഒരു സൂചനയും ഇല്ലെന്നാണ് വിമർശനം..

2025 ഏപ്രിൽ-ജൂൺ പാദത്തിലെ പുതിയ ഓഡിറ്റ് പ്രകാരം സ്ഥിര ആസ്തികളുടെയും നിക്ഷേപ സ്വത്തുക്കളുടെയും അടിസ്ഥാന രേഖകൾ സൂക്ഷിക്കുന്നതിൽ കെ‌എസ്‌ഇ‌ബി പരാജയപ്പെട്ടതായി ഓഡിറ്റർമാർ വീണ്ടും കമ്പനിയെ വിമർശിക്കുന്നുണ്ട്.

കെഎസ്ഇബി അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും തൽഫലമായി, കമ്പനിക്ക് സ്വന്തം സംഖ്യകളിൽ എത്രത്തോളം തെറ്റുകളുണ്ടെന്നു പോലും കണ്ടെത്തതാണ് കഴിയുന്നില്ല എന്നാണ് ഓഡിറ്റർമാർ മുന്നറിയിപ്പുകൾ നൽകിയത് .

എന്തെങ്കിലും ക്രമീകരണങ്ങൾ ആവശ്യമാണോ എന്ന് നിർണ്ണയിക്കുന്നത് പോലും പ്രായോഗികമല്ല എന്ന സ്ഥിതിയിലാണ് കെഎസ്‌ബിയിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കമ്പനിയുടെ ആസ്തി അവകാശവാദങ്ങളെ പരാമർശിച്ചുകൊണ്ട് ഓഡിറ്റർമാർ എഴുതിയത് താഴെപ്പറയുന്ന വിധത്തിലാണ്:

“കെഎസ്ഇബിയുടെ ആകെ ആസ്തി 35,915 കോടി രൂപയാണോ? കെ‌എസ്‌ഇ‌ബിയുടെ സ്വന്തം രേഖകളിൽ പറയുന്നത് 35,915.16 കോടി രൂപയുടെ ആസ്തിഉണ്ടെന്നാണ് . ഇതിൽ 25,576.28 കോടി രൂപ പ്രോപ്പർട്ടി, പ്ലാന്റ് & ഉപകരണങ്ങൾ വിഭാഗത്തിലും 18.18 കോടി രൂപ നിക്ഷേപ സ്വത്തായും ഉൾപ്പെടുന്നു. എന്നാൽ ശരിയായ രേഖകൾ ഇല്ലാത്തതിനാൽ, ആ കണക്കുകൾ യഥാർത്ഥമാണോ വിശ്വസനീയമാണോ എന്ന് ഓഡിറ്റർമാർക്ക് പോലും ഉറപ്പിച്ച് പറയുവാൻ കഴിയുന്നില്ല.കുഴഞ്ഞു മറിഞ്ഞ നിലയിലാണ് കാര്യങ്ങൾ.

ബാധ്യതയുടെ കാര്യത്തിൽ കെഎസ്ഇബി കമ്പനിയുടെ മൊത്തം മൂല്യം നെഗറ്റീവ് 34,053.36 കോടി രൂപയാണ്. അതായത് കെ‌എസ്‌ഇ‌ബിക്ക് സ്വന്തമായുള്ളതിനേക്കാൾ വളരെ കൂടുതൽ കടമുണ്ട് എന്ന് സാരം.

വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി ഉപഭോക്തൃ നിക്ഷേപമായി 683.78 കോടി രൂപ കെഎസ്ഇബി പിരിച്ചെടുത്തിട്ടുണ്ട്, എന്നാൽ അത് യഥാർത്ഥ പദ്ധതി പൂർത്തീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഓഡിറ്റർമാർ കണ്ടെത്തിയിരുന്നു.

ആന്തരിക യൂണിറ്റുകൾക്കിടയിൽ 71 കോടിയിലധികം രൂപ തീർപ്പാക്കാത്ത ബാലൻസായി അവശേഷിക്കുന്നുയെന്നും അവയെല്ലാം “മറ്റ് കറന്റ് ആസ്തികൾ” എന്ന പേരിൽ ഒരുമിച്ച് ചേർത്തിരിക്കുന്നുയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നതായി പരാതികളുണ്ട്.

കെ‌എസ്‌ഇ‌ബി ജി‌എസ്‌ടി അക്കൗണ്ടുകളുടെ കാര്യത്തിൽ ശരിയായ വിധത്തിലുള്ള യോജിപ്പിലെത്തിയിട്ടില്ല.പാട്ടക്കരാറുകൾ, മൂല്യത്തകർച്ച, ക്രെഡിറ്റ് നഷ്ട കണക്കുകൾ എന്നിവയിൽ കെഎസ്ഇബി എന്ന കമ്പനി ആവശ്യമായ നിയമങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ഓഡിറ്റർമാർ നൽകുന്ന സൂചനകൾ .

കൂടാതെ കെഎസ്ഇബി ഇപ്പോഴും അതിന്റെ നിക്ഷേപ സ്വത്തുക്കളുടെ രേഖകൾ സൂക്ഷിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുപോലെ ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന രേഖയായ സ്ഥിര ആസ്തി രജിസ്റ്ററും നിലവിലില്ല.