ജനവാസ കേന്ദ്രത്തിൽ നിന്നും മദ്യ വിൽപ്പന ശാല ഉടനെ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയോജക മണ്ഡലമായ വടക്കൻ പറവൂരിലാണ് സർക്കാറിന്റെ ഈ അനാസ്ഥ.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നാണ് നാട്ടുകാരുടെ പരാതി.

പറവൂരിൽ പല്ലംതുരുത്ത് റോഡിലെ ജനവാസ കേന്ദ്രത്തിലാണ് സർക്കാരിന്റെ മദ്യ വിൽപ്പന കേന്ദ്രമായ ബീവറേജ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്.ഇത് മൂലം നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.വൈകുന്നേരമായാൽ ബീവറേജിനു മുന്നിലുള്ള റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.പിന്നെ വാഹനങ്ങളുടെ കാര്യം പറയാനുണ്ടോ.

ജനവാസ കേന്ദ്രത്തിൽ മദ്യ വിൽപ്പന നടത്തുന്ന ബിവറേജിന്റെ ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് കുറച്ചു കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നു.എന്നാൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരുന്നതിനാൽ നാട്ടുകാർ നിയമ നടപടിയുമായി മുന്നോട്ട് പോയി.ഒടുവിൽ ജനകീയ നിയമ പോരാട്ടങ്ങൾക്ക് അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്നും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ മദ്യ വിൽപ്പന ശാല ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ അവകാശ സംരക്ഷണ സമിതി രൂപീകരിച്ചാണ് നിയമ പോരാട്ടം നടത്തിയത്.നിരവധി റസിഡന്റ്‌സ് അസോസിയേഷനുകളും പല്ലം തുരുത്ത് റോഡിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരും സ്ഥാപനങ്ങളും ഇന്റർനാഷണൽ സ്‌കൂളും ഒരു കുടക്കീഴിൽ അണിനിരന്നു ഒന്നിച്ചാണ് ജനവാസ കേന്ദ്രത്തിലെ ഈ സർക്കാർ മദ്യ വിൽപ്പന ശാലക്കെതിരെ പോരാട്ടം നടത്തിയത്.

ജനകീയ അവകാശ സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ വാർഡ് കൗൺസിലർ രഞ്ജിത്ത് മോഹനും ചെയർമാൻ വി സി പത്രോസുമാണ് .ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം (2025 ഒക്ടോബർ 12 ) ജനകീയ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച വിജയോത്സവം നടന്നു.ഈ പരിപാടിയിൽ രഞ്ജിത്ത് മോഹൻ , വി സി പത്രോസ് ,ടി ബി നസീർ,പറവൂർ മുനിസിപ്പൽ ചെയർ പേഴ്‌സൺ ബീന ശശിധരൻ ,മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു ,മുനിസിപ്പൽ കൗൺസിലർമാരായ ബോബി പഞ്ഞിക്കാരൻ ,ജി ഗിരീഷ് ,ഡി രാജ്‌കുമാർ ,ഇ ജി ശശി ,മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ എ ജലീൽ ,ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സ്നേഹ ന്യു ലൈൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്- ടി എൻ ജോഷി,ഐശ്വര്യ നഗർ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ,കെ കെ ആർ റസിഡന്റ് അസോസിയേഷൻ പ്രതിനിധി എൻ എം ശങ്കരൻ കുട്ടി, തണൽ റസിഡന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് റീജ രഘു,അമ്മൻകോവിൽ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി ശിവദാസ് ,ജനകീയ അവകാശ സംരക്ഷണ സമിതി അംഗം എൻ എം മാർട്ടിൻ എന്നിവർ പ്രസംഗിച്ചു .

ജനവാസ കേന്ദ്രത്തിൽ നിന്നും മദ്യ വിൽപ്പന ശാല മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കോടതി ഉത്തരവ് അവഗണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
