‘ഹിജ്റ’ എന്ന സൗദി ഫിലിം 2026 മാര്‍ച്ചില്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കറിലേക്ക്

‘ഹിജ്റ’ എന്ന സൗദി ഫിലിം ഓസ്‌കർ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. 2026 മാര്‍ച്ചില്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കറിലാണ് ഈ ചിത്രം മത്സരിക്കുക.അടുത്ത വര്‍ഷം നടക്കുന്ന 98-ാമത് അക്കാദമി മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കും.

സൗദി അറേബ്യയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും വ്യവസായ വിദഗ്ധരും അടങ്ങിയ ഒരു കമ്മിറ്റിയാണ് ഈ സിനിമ തെരഞ്ഞെടുത്തത്. വിവിധ തലമുറകളിലെ സ്ത്രീകളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ഓഗസ്റ്റില്‍ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

വടക്കന്‍ സൗദി അറേബ്യയിലൂടെ കാണാതായ ഒരു കൗമാരക്കാരിയെ തേടിയുള്ള മുത്തശ്ശി ഖൈരിയ നസ്മിയുടെയും അവരുടെ പേരക്കുട്ടി ലാമര്‍ ഫദ്ദാന്റെയും യാത്രയാണ് ഫീച്ചര്‍ ഫിലിം പിന്തുടരുന്നത്. തായിഫ്, ജിദ്ദ, മദീന, വാദി അല്‍-ഫറ, അല്‍ഉല, തബൂക്ക്, നിയോം, ദുബ എന്നിങ്ങനെ സൗദിയിലെ എട്ട് നഗരങ്ങളിലായി 55 ദിവസത്തിലധികം എടുത്താണ് സിനിമ ചിത്രീകരിച്ചത്. ഹജ്ജിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

‘അവര്‍ ആരാണെന്ന് കണ്ടെത്താനും, സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാനുമുള്ള സ്ത്രീകളുടെ യാത്രയുടെ കഥയാണിത്,’ സംവിധായിക ഷഹദ് അമീന്‍ പറഞ്ഞു. ഈ ചിത്രം കഴിഞ്ഞ മാസം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക് (NETPAC) അവാര്‍ഡ് നേടിയിരുന്നു. ഷഹദ് അമീന്റെ 2019-ല്‍ പുറത്തിറങ്ങിയ ‘സ്‌കെയില്‍സ്’ എന്ന സിനിമയും 2021-ലെ 93-ാമത് അക്കാദമി അവാര്‍ഡുകള്‍ക്കായി സൗദി അറേബ്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ 2020-ല്‍ സ്ഥാപിതമായതു മുതല്‍, സൗദി ഫിലിം കമ്മീഷന്‍ രാജ്യത്തെ ചലച്ചിത്ര വ്യവസായത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2024-ല്‍ രാജ്യത്തുടനീളം 17.5 മില്യണ്‍ സിനിമാ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ചലച്ചിത്ര ഇന്‍ഫ്രാസ്ട്രക്ചര്‍ 64 ലൊക്കേഷനുകളിലായി 630 സ്‌ക്രീനുകളിലേക്ക് വികസിച്ചു. നിലവില്‍ 65 പ്രൊഡക്ഷന്‍ കമ്പനികളുണ്ട്, 14 പ്രോജക്റ്റുകള്‍ക്ക് ഇന്‍സെന്റീവ് പ്രോഗ്രാമുകളിലൂടെ അധിക പിന്തുണ ലഭിച്ചു. പിന്തുണ ലഭിച്ച സിനിമകള്‍ക്കായി ആകെ 93 മില്യണ്‍ സൗദി റിയാല്‍ ചെലവഴിച്ചു. സൗദി സിനിമയുടെ വളര്‍ച്ചയുടെയും ലോകോത്തര നിലവാരത്തിന്റെയും തെളിവാണ് ‘ഹിജ്റ’ യുടെ ഓസ്‌കറിലേക്കുള്ള തെരഞ്ഞെടുപ്പ്.ഷഹാദ് അമീൻ സംവിധാനം ചെയ്ത സൗദി റോഡ് മൂവിയാണിത്. 2025 ഓഗസ്റ്റിൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. അറബിയിൽ “മൈഗ്രേഷൻ” എന്നാണ് പേരിന്റെ അർത്ഥം.