ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസ്ട്രേലിയ പെർത്തിൽ തോൽപ്പിച്ചത്. മഴയെ തുടർന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മുൻപിൽ വെച്ചത് 137 റൺസ് ആയിരുന്നു. എന്നാൽ മഴ വീണ്ടും വില്ലനായി എത്തിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 21.1 ഓവറിൽ 131 റൺസ് എടുത്ത ഓസീസ് ജയിച്ചു.
ഓസ്ട്രേലിയൻ ബോളിങ്ങിന് മുൻപിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര ഉ തകരുന്നതാണ് പെർത്തിൽ കണ്ടത്. ആദ്യ പവർപ്ലേയിൽ തന്നെ ഇന്ത്യക്ക് രോഹിത്, കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരെ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയെയാണ് ആദ്യം നഷ്ടമായത്.
14 പന്തിൽ നിന്ന് എട്ട് റൺസ് എടുത്ത് നിൽക്കുകയായിരുന്നു രോഹിത്. നാലാമത്തെ ഓവറിലെ ഹെയ്സൽവുഡിന്റെ നാലാമത്തെ ഡെലിവറിയിൽ വന്ന എക്സ്ട്രാ ബൗൺസ് ആണ് രോഹിത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. ബാറ്റുകൊണ്ട് പ്രതിരോധിച്ചിടാനാണ് രോഹിത് ശ്രമിച്ചത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് സെക്കൻഡ് സ്ലിപ്പിലേക്ക് പോയി. തന്റെ ഇടത്തേക്ക് താഴ്ന്ന് വന്ന പന്ത് കൈക്കലാക്കി റെൻഷോ രോഹിത്തിനെ മടക്കി.
എട്ട് പന്തിൽ ഡക്കായി മടങ്ങി കോഹ്ലി മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു. മിച്ചൽ സ്റ്റാർക്ക് ആണ് കോഹ്ലിയെ റൺസ് എടുക്കാൻ അനുവദിക്കാതെ മടക്കിയത്. കോഹ്ലി മടങ്ങിയതിന് ശേഷം മൂന്ന് റൺസ് മാത്രം ഇന്ത്യൻ സ്കോർ ബോർഡിലേക്ക് ചേർത്തപ്പോഴേക്കും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ 18 പന്തിൽ നിന്ന് 10 റൺസ് എടുത്താണ് ശുഭ്മാൻ ഗിൽ വീണത്. നാഥൻ എലിസ് ആണ് ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ച ക്യാപ്റ്റനെ കൂടാരം കയറ്റിയത്. പിന്നാലെ മത്സരം തടസപ്പെടുത്തി മഴയെത്തി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 14ാമത്തെ ഓവറിൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 45-4. 24 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് ശ്രേയസിന് കണ്ടെത്താനായത്.
കെ എൽ രാഹുലിനും മുൻപേയാണ് അക്ഷർ പട്ടേലിനെ ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. 38 പന്തിൽ നിന്ന് അക്ഷർ 31 റൺസ് നേടി. രാഹുൽ 38 റൺസും എടുത്ത് മടങ്ങി. രാഹുള ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഒരറ്റത്ത് ഉറച്ച് നിന്ന് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ജയിപ്പിച്ചു കയറ്റി.
52 പന്തിൽ നിന്ന് 46 റൺസ് ആണ് മിച്ചൽ മാർഷ് കണ്ടെത്തിയത്. മാർഷിനൊപ്പം ഓപ്പണറായെത്തിയ ട്രാവിസ് ഹെഡ് എട്ട് റൺസ് മാത്രം എടുത്ത് മടങ്ങി.വൺഡൗണായ മാറ്റ് ഷോർട്ടിനും കണ്ടെത്താനായത് എട്ട് റൺസ്. വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പ് 37 റൺസ് എടുത്ത് ഓസ്ട്രേലിയയുടെ ജയം വേഗത്തിലാക്കാൻ ശ്രമിച്ചു. മൂന്ന് ഫോറും രണ്ട് സിക്സും ജോഷിന്റെ ബാറ്റിൽ നിന്ന് വന്നു. മാറ്റ് റെൻഷോ 21 റൺസും നേടി.
രോഹിത് ശർമ 8 ,വിരാട് കോലി 0 ,ക്യാപ്റ്റൻ ശുഭമാൻ ഗിൽ 10,ശ്രെയസ് അയ്യർ 11 ,അക്‌സർ പട്ടേൽ 31 ,കെ എൽ രാഹുൽ 38 ,വാഷിംഗ്ടൺ സുന്ദർ 10 നിതീഷ് കുമാർ റെഡ്ഢി 19 ഹർഷിത് റാണ 1 ,അർഷദീപ് സിംഗ് 0 ,മുഹമ്മദ് സിറാജ് 0 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്‌കോർ നില.അർഷദീപ് സിംഗ്,അക്‌സർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ക്യാപ്റ്റൻ മിച്ചൽ മാർഷൽ 46 , ട്രാവിസ് ഹെഡ് 8 ,ജോഷ് ഫിലിപ്പെ 37 മാറ്റ് റെൻഷ്വ 21 എന്നിങ്ങനെയാണ് ആസ്‌ത്രേലിയ ബാറ്റർമാരുടെ പ്രകടനം. ജോഷ് ഹേസൽവുഡ്,ഇച്ചൽ ഓവൻ , മത്ത്യു കുഹനെമാൻ എന്നിവർ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ മിച്ചൽ സാർക്ക്,നാഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
26 ഓവറിൽ ഒമ്പത് വിക്കറ്റിന് 136 റൺസാണ് ഇന്ത്യ നേടിയത്.നിതീഷ് കുമാർ റെഡ്ഢി,മുഹമ്മദ് സിറാജ് എന്നിവർ പുറത്താവാതെ നിന്നു.മൂന്ന് ഏകദിന പരമ്പര ഓസ്‌ത്രേലിയയിൽ കളിക്കുന്ന ഇന്ത്യ 0 -1 നു പിന്നിലായി .