ദീപാവലിയുടെ ദിനത്തിൽ വായുമലിനീകരണം വർദ്ധിച്ചതോടെ ഡൽഹി ശ്വാസം മുട്ടുന്നു

ദീപാവലിയുടെ ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം വർദ്ധിച്ചതോടെ ദേശീയ തലസ്ഥാനത്തെ വായു വിഷമയമായി മാറി. ഇന്ന് (20 -10 -2025 ) രാവിലെ 7.30 ആയപ്പോഴേക്കും നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 335 ആയി “അതീവ മോശം” (very poor) വിഭാഗത്തിൽ എത്തി. മിക്ക മോണിറ്ററിംഗ് സ്റ്റേഷനുകളിലും 300-ന് മുകളിലാണ് മലിനീകരണ തോത് രേഖപ്പെടുത്തിയത്.

മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) സ്റ്റേജ് II ഞായറാഴ്ച മുതൽ ദേശീയ തലസ്ഥാന മേഖലയിൽ (NCR) എയർ ക്വാളിറ്റി മാനേജ്മെൻ്റ് കമ്മീഷൻ (CAQM) നടപ്പിലാക്കിയിട്ടും വായു ഗുണനിലവാരത്തിൽ കുറവുണ്ടായി. ഒക്ടോബർ 14 മുതൽ പ്രാബല്യത്തിലുള്ള സ്റ്റേജ് I നടപടികൾക്ക് പുറമെയാണിത്.

സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, ഞായറാഴ്ച രാത്രി ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 24 എണ്ണത്തിലും “അതീവ മോശം” വിഭാഗത്തിലുള്ള വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആനന്ദ് വിഹാർ നഗരത്തിലെ ഏറ്റവും വിഷലിപ്തമായ വായു റിപ്പോർട്ട് ചെയ്തു. ഇവിടെ AQI 417 ആയി “അതീവ ഗുരുതരം” (severe) എന്ന വിഭാഗത്തിൽ എത്തി.