പത്ത് മാസത്തിനുള്ളിൽ കേരളത്തിൽ 18 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്‌തു .പത്ത് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങൾ, അതിൽ പകുതിയും തൃശൂർ ജില്ലയിൽ ..ആശങ്കാജനകമായ റിപ്പോർട്ടാണിത്.കേരളത്തെ പിന്നോട്ടടിക്കലുമാണിത്. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളെ(2024-25 ) അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.വനിതാ ശിശു വികസന വകുപ്പിന്റെ (WCD) കണക്കുകൾ പ്രകാരം 2025 ജനുവരി 15 വരെ 18 ബാലവിവാഹ സംഭവങ്ങൾ നടന്നിട്ടുണ്ട്. 2023-24 ൽ 14 ഉം 2022-23 ൽ 12 ഉം ആയിരുന്നു ഇത്.

ഏറ്റവും മോശം കണക്കുകൾ തൃശൂരിലാണ്, ഈ വർഷം 18 കേസുകളിൽ 10 എണ്ണം റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് മൂന്ന് ശൈശവ വിവാഹങ്ങളും പാലക്കാട് രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിൽ ഓരോ സംഭവം വീതം റിപ്പോർട്ട് ചെയ്തു
ഇന്ന് മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹശ്രമം നടന്നു. 14 വയസുള്ള പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച വീട്ടുകാർക്കും വരനും വിവാഹനിശ്ചയത്തിൽ പങ്കെടുത്തവർക്കുമെതിരെ പോലീസ് കേസ് എടുത്തു.

പ്രായപൂർത്തിയായ യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. സംഭവത്തിൽ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വരനും വീട്ടുകാർക്കും വിവാഹനിശ്ചയത്തിൽ പങ്കെടുത്ത 11 പേർക്കും എതിരെയാണ് കേസ്.

പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനുമുൻപും മലപ്പുറത്ത് ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. അടുത്തകാലത്ത് ഇത്തരം സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്.
