ഒരാളുടെ അതിർത്തിയിൽ നിന്നും എത്ര മാത്രം അകലത്തിലാണ് മരങ്ങൾ നടേണ്ടത്?നിയമങ്ങളുണ്ടോ ?

ഒരാളുടെ അതിരിൽ നിന്നും എത്ര മാത്രം അകലത്തിലാണ് മരങ്ങൾ നടേണ്ടത്? പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം എന്നാണല്ലോ പ്രമാണം.അതിരിൽനിന്ന് എത്ര അകലത്തിലാണ് മരം നടാവുന്നത് എന്നതു സംബന്ധിച്ചു വ്യക്തമായ നിയമങ്ങളൊന്നുമില്ല. തങ്ങളുടെ മരംമൂലം അയൽവാസിക്ക് ശല്യം ഉണ്ടാകാതിരിക്കുവാൻ ഓരോ വസ്തു ഉടമയും ശ്രദ്ധിക്കുകയെന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്.

എന്നാൽ ഈ വിഷയത്തിൽ ഒരു തർക്കം ഉണ്ടായാൽ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ വിഷയം രമ്യതയിൽ പരിഗണിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.

അല്ലെങ്കിൽ പരാതിക്കാരൻ ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അതിർത്തിയിലാണോ താമസം അവിടെ രേഖാമൂലംപരാതി കൊടുക്കുക. കേരള പഞ്ചായത്ത് രാജ് ആക്ട് 238–ാം വകുപ്പ്, അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും വേലികളും വൃക്ഷങ്ങളും വെട്ടി ഒരുക്കലും (1) എ– ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്കളോ വീഴാനും തന്മൂലം ഏതെങ്കിലും ആൾക്കോ എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്നു ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അപകടം ഉണ്ടാകുന്നതു തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാണ്.

നടപടി ഒന്നുമായില്ലെങ്കിൽ പഞ്ചായത്തിന് യുക്തമെന്നു തോന്നുന്ന നടപടി സ്വീകരിക്കാം. അതിന്റെ ചെലവ് നികുതി കുടിശിക എന്നപോലെ വൃക്ഷത്തിന്റെ ഉടമസ്ഥനിൽനിന്ന് ഈടാക്കാം. സമാന നിയമം മുൻസിപ്പാലിറ്റീസ് ആക്ടിലുമുണ്ട്. എന്നാൽ, അയൽവാസിക്ക് ഇന്ന വൃക്ഷം നട്ടുകൂടാ എന്നു പറയാനാവില്ല. ഉടമസ്ഥനു തന്റെ വസ്തുവില്‍ ഇഷ്ടമുള്ള വൃക്ഷങ്ങൾ വയ്ക്കാം. എന്നാൽ, അതിർത്തിയിൽ നട്ടി ട്ടുള്ള വലിയ വൃക്ഷങ്ങൾ ഭാവിയിൽ അപകടങ്ങൾ ഉണ്ടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് കരുതുന്നപക്ഷം അത് തടയുന്നതിനായി നോട്ടിസ് മൂലം ആ വൃക്ഷത്തിന്റെ ഉടമസ്ഥനോട് ആ വൃക്ഷം ഉറപ്പിച്ചു നിർത്തുകയോ വെട്ടിക്കളയുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടാവുന്നതാണ്. കായ്കൾ എന്ന് ഉദ്ദേശിക്കുന്നത് തേങ്ങ, മാങ്ങ എന്നീ ഫലങ്ങളെയാണ്.

അതിരിൽ നിന്ന് എത്രമാത്രം അകലം പാലിച്ചു വൃക്ഷങ്ങൾ നടണമെന്നുള്ളതിനു പ്രത്യേക നിയമങ്ങളൊന്നുമില്ല. അങ്ങനെ നിയമമുണ്ടാക്കുന്നതു പ്രായോഗികവുമല്ല. കാരണം ഒരു വൃക്ഷം വച്ചുപിടിപ്പിച്ചാൽ അതെങ്ങനെ വളരും, എന്തു വലുപ്പം വരും, എങ്ങോട്ടാണു ചായുക എന്നൊന്നും ആർക്കും പറയാനാവില്ല.

നൽകുന്ന പരാതിയിൽ പഞ്ചായത്ത് എന്ത് നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. പഞ്ചായത്ത് യാതൊരുവിധ നടപടികളും പരാതിയിൽ എടുത്തിട്ടില്ലെങ്കിൽ ഇക്കാര്യം കാണിച്ചുകൊണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതി നൽകാവുന്നതാണ്. വില്ലേജ് ഓഫീസറെ കൊണ്ട് പരാതിയെക്കുറിച്ച് അന്വേഷിക്കുകയും, യുക്തമായ നടപടിക്രമങ്ങൾ എടുക്കുകയും ചെയ്യുന്നതാണ്. എല്ലാ പരാതിയുടെയും, മറുപടികളുടെയും കോപ്പികൾ സൂക്ഷിച്ചു വയ്ക്കുവാൻ മറക്കരുത്.

ഇത്രയൊക്കെ ആയിട്ടും പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ, വക്കീൽ മുഖാന്തിരം ഒരു സിവിൽ കോടതിയെ സമീപിക്കേണ്ടതായി വരും.

തയ്യാറാക്കിയത്
Adv. K B MOHANAN
9847445075

ചിത്രം പ്രതീകാത്മകം