ഇറ്റലിയിൽ ഇസ്ലാമിക വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം നടക്കുന്നു

‘ഇസ്ലാമിക സാംസ്കാരിക വിഘടനവാദം’ തടയുക എന്ന ലക്ഷ്യത്തോടെ, ഇററലിയിൽ ബുർഖ, നിഖാബ് തുടങ്ങിയ മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ നിരോധിക്കാനുള്ള നിയമനിർമ്മാണത്തിന് തുടക്കമിട്ടു.

പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യുടെ സർക്കാർ നിയമനിർമാണ സഭയിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചു. പാർലമെന്റിൽ ശക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഈ നിയമനിർമ്മാണ നിർദ്ദേശങ്ങൾ വേഗം തന്നെ അംഗീകരിക്കാൻ കഴിയും.

കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഇറ്റലിയിൽ ക്രിസ്ത്യാനികൾക്ക് (ഏകദേശം 80.8%) ശേഷം ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാണ് മുസ്ലീങ്ങൾ. ഈ പശ്ചാത്തലത്തിൽ, ഈ നിയമനിർമ്മാണം രാജ്യത്തിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും സാംസ്കാരിക ഏകീകരണത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്തി.

രാജ്യത്തുടനീളമുള്ള എല്ലാ പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, കടകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിയമം വഴി നിരോധിക്കും.നിയമം ലംഘിക്കുന്നവർക്ക് 300 യൂറോ മുതൽ 3,000 യൂറോ വരെ (ഏകദേശം 27,000 രൂപ മുതൽ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്തും.ഹിജാബ് (മുഖം മറയ്ക്കാത്ത ശിരോവസ്ത്രം) ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും, ബുർഖ, നിഖാബ് എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇറ്റാലിയൻ ഭരണകൂടവുമായി ഔപചാരിക ഉടമ്പടി ഇല്ലാത്ത മതസംഘടനകൾ തങ്ങളുടെ ധനസഹായ സ്രോതസ്സുകൾ വെളിപ്പെടുത്തണമെന്ന് ഈ ബിൽ നിർബന്ധിക്കുന്നു.നിലവിൽ, ഇറ്റലിയിലെ ഒരു മുസ്ലീം സംഘടനകൾക്കും ഭരണകൂടവുമായി ഇത്തരത്തിൽ ഒരു ഔപചാരിക ഉടമ്പടിയില്ല. അതിനാൽ, മുസ്ലീം പള്ളികൾക്കുമുള്ള വിദേശ ധനസഹായത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും.