ഗ്രാമസഭ കൂടി കഴിഞ്ഞാൽ മിനിറ്റ്സ് ബുക്കിന്റെ ശൂന്യമായ പേജുകളിൽ ഒപ്പിട്ടു കൊടുക്കരുത്.എന്തുകൊണ്ട് ?

ഒരു വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വോട്ടർമാരും ഉൾക്കൊള്ളുന്നതാണ് ആ വാർഡിലെ ഗ്രാമസഭ അഥവ വാർഡ് സഭ

കേരള പഞ്ചായത്ത് രാജ് ആക്ട് (3) പ്രകാരം മൂന്നു മാസത്തിലൊരിക്കൽ ഗ്രാമസഭ വിളിച്ചു ചേർക്കേണ്ടതാണ്.

വോട്ടവകാശമുള്ള എല്ലാ പൗരന്മാർക്കും ഭരണകാര്യങ്ങളിൽ നേരിട്ട് പങ്കെടുക്കുവാനും, അധികാരം വിനിയോഗിക്കാനുമുള്ള വേദികളാണ് ഗ്രാമസഭയും വാർഡ് സഭയും.ഇത് ഭരണഘടന മൂല്യമുള്ളതാണ്.

താന്‍ കണ്‍വീനറായിരിക്കുന്ന ഗ്രാമസഭയുടെ / വാര്‍ഡ്‌സഭയുടെ യോഗം മൂന്നു മാസത്തില്‍ ഒരിക്കല്‍ വിളിച്ചുകൂട്ടുന്നതില്‍ മൂന്ന് തവണ തുടര്‍ച്ചയായി വീഴ്ച വരുത്തിയാല്‍ ആ വാര്‍ഡ്‌ മെമ്പറുടെ / കൗ
ണ്‍സിലറുടെ സ്ഥാനം നഷ്ടപ്പെടുന്നതാണ് .

കൃത്യമായ ഇടവേളകളിൽ ഗ്രാമസഭ വിളിച്ചു ചേർത്താലും ഒരു വാർഡിലെ 10% ത്തിൽ കുറയാത്ത വോട്ടർമാർ പഞ്ചായത്ത്‌ സെക്രെട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനുള്ളിൽ കൺവീനറായ വാർഡ് മെമ്പർ ഗ്രാമസഭ വിളിച്ചു കൂട്ടേണ്ടതാണ്.

ഗ്രാമസഭ എടുത്ത തീരുമാനം നടപ്പിലാക്കിയിട്ടില്ലെങ്കിൽ, അതിനുള്ള കാരണം ബോധിപ്പിക്കുവാൻ ഭരണസമിതി ബാധ്യസ്ഥരാണ്. വാർഡിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതും, നടപ്പിലാക്കിയതുമായ പദ്ധതികളുടെ കണക്കുകൾ ഗ്രാമ സഭയെ ബോധിപ്പിക്കണം. നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും എസ്റ്റിമേറ്റ് കാണുകയും ബോധ്യപ്പെടുകയും ചെയ്യുവാനുമുള്ള അധികാരം ഗ്രാമസഭയ്ക്ക് ഉണ്ട്.

അടിയന്തര ഘട്ടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സമ്മതത്തോടുകൂടി സെക്രട്ടറിയെ അറിയിച്ചതിനു ശേഷം കൺവീനർക്ക് ഗ്രാമസഭ വിളിക്കാവുന്നതാണ്.ഇങ്ങനെ വിളിക്കുന്ന യോഗത്തിലെ അജണ്ട നിശ്ചയിക്കുന്നത് വോട്ടർമാരായിരിക്കും.

പഞ്ചായത്തിൽ നിന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന ആളുകളുടെ വിവരങ്ങൾ അറിയുവാൻ ഗ്രാമസഭയ്ക്ക് അധികാരമുണ്ട്.

വികസന പദ്ധതികളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് ഗ്രാമസഭയിൽ വായിക്കേണ്ടതാണ്. അർഹർക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അനർഹർക്ക് ലഭിക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഗ്രാമസഭയ്ക്കാണ്.

ഗ്രാമസഭയുടെ തീരുമാനങ്ങൾ രേഖപെടുത്തുന്ന മിനിറ്റ്സ് യോഗസ്ഥലത്തുവച്ചുതന്നെ വോട്ടർമാരും, ഉദ്യോഗസ്ഥരും, വോട്ടർമാരും, ജനപ്രതിനിധിയും ഒപ്പിടണം. വോട്ടർമാർക്ക് തീരുമാനങ്ങളുടെ കീഴിൽ ഒപ്പിടുവാനുള്ള അവകാശമുണ്ട്. ശൂന്യമായ പേജിൽ ഒപ്പിടരുത്. വോട്ടർ ആവശ്യപ്പെട്ടാൽ മിനിട്സിന്റെ കോപ്പി സെക്രട്ടറിയുടെ പക്കൽ നിന്നും ലഭിക്കും.

ഗ്രാമസഭ / വാർഡ് സഭ ആവശ്യപ്പെട്ടാൽ വാർഡിൽ മുൻപ് നടത്തിയതോ, ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവർത്തികളുടെ വിവരങ്ങൾ വാർഡ് സഭയിൽ അവതരിപ്പിക്കുവാൻ കൺവീനർക്ക് ഉത്തരവാദിത്വം ഉള്ളതാണ്.

തയ്യാറാക്കിയത് (Adv. K. B Mohanan
9847445075)