മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ കണ്ടപ്പോൾ വെള്ളാപ്പള്ളി എൽഡിഎഫിനെ മറന്നു; സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നപോലെ

സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നപോലെയായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ കണ്ടപ്പോൾ വെള്ളാപ്പള്ളി നടേശൻ .പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം പറയുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ. പറയുന്നത് തന്നെ മാറി മാറി പറയുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അഭിപ്രായമുണ്ടോ?. ബിജെപിക്ക് അഭിപ്രായമുണ്ടായിരുന്നു. ബാക്കി എല്ലാ പാര്‍ട്ടികള്‍ക്കും അഭിപ്രായം ഉണ്ടായിരുന്നു. അഭിപ്രായമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപിയോട് പിണക്കമില്ലെന്നും ഇണക്കവും പിണക്കവും വിഷയാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പതിനൊന്നുമണിയോടെയാണ് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തില്‍ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കുന്നയാളാണ് താനെന്നുമാണ് മുരളീധരന്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും താന്‍ വന്നത് പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എത്തിയത് ചര്‍ച്ചയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. ആഗോള സംഗമം നടത്താനുള്ള തീരുമാനം മികച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുക എന്നാൽ വളരെയധികം പരിശീലിച്ച് എന്തെങ്കിലും പഠിച്ചതിന് ശേഷം ഉന്നതസ്ഥാനമുള്ള ഒരാളുടെ മുൻപിൽ അത് ചെയ്യുമ്പോൾ പേടി കൊണ്ടും മറ്റും അത് മറന്നു പോകുക/തെറ്റിച്ചു ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത്.

സൈനികർ നടത്തുന്ന പരിശീലന ഡ്രില്ലിനെയാണ് കവാത്ത് എന്ന് പറയുന്നത്. അറബി ഭാഷയിൽ നിന്നാണ് ഈ വാക്ക് മലയാളം കടമെടുത്തത്.