കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിൽ സോദാഹരണ പ്രഭാഷണവുമായി മോഹൻലാൽ സിനിമാ ഗാനങ്ങളിലെ ഇടയ്ക്ക വാദകൻ തൃപ്പുണിത്തുറ കൃഷ്ണദാസ്.

കേരളത്തിലെ പ്രതിഭാധനനായ ഇടയ്ക്ക വാദകനാണ് തൃപ്പുണിത്തുറ കൃഷ്ണദാസ്. മോഹൻലാൽ സിനിമകളായ ദേവാസുരം, കമലദളം തുടങ്ങിയവയിലെ സിനിമ ഗാനങ്ങൾക്കാണ് അദ്ദേഹം ഇടയ്ക്ക വായിച്ചത്.

മോഹിനിയാട്ടത്തിൽ ഇടയ്ക്കയുടെ സവിശേഷതയും പ്രയോഗരീതിയും എന്ന വിഷയത്തിൽ ത്രിഭംഗി വേദിയിലെ നൃത്തശില്പശാലയിൽ കൃഷ്ണദാസ് പ്രഭാഷണം നടത്തി. മോഹിനിയാട്ടത്തിൻ്റെ പ്രാണപ്രതിഷ്ഠയാണ് ഇടയ്ക്കയെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിൻ്റെ സോദാഹരണ പ്രഭാഷണത്തിൻ്റെ ഭാഗമായി ശ്രീജ ആർ കൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാമണ്ഡലം സത്യനാരായണൻ, മുരളി നാരായണൻ എന്നിവർ മോഹിനിയാട്ടത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചു.

പ്രിയ നടൻ മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃപ്പുണിത്തുറ കൃഷ്ണദാസ് പറഞ്ഞു. കമലദളത്തിലെ സിനിമ ഗാനത്തിൻ്റെ റെക്കോർഡിങ്ങ് സമയത്ത് മദ്രാസ്സിൽ താൻ ഇടയ്ക്ക വായിക്കുന്നത് കാണാനും ആസ്വദിക്കാനും മോഹൻലാൽ എത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് തൃപ്പുണിത്തുറ കൃഷ്ണദാസ് പറഞ്ഞു.
