ഗാസയിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് 50 രാജ്യങ്ങൾ.
നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു.അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കൂടുതൽ ഒററപ്പെടുന്നു എന്നതിൻ്റെ സൂചനയാണിതെന്ന് നയതത്രജ്ഞർ പറഞ്ഞു.

നെതന്യാഹുവിനെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെപ്പോലുള്ള ചുരുക്കം ചില അടുത്ത സഖ്യകക്ഷികൾ മാത്രമെ പിന്തുണയ്ക്കുന്നുള്ളൂ.അതേസമയം, ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. “ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും,” അദ്ദേഹം പ്രസംഗിച്ചു .

പ്രസംഗത്തിൻ്റെ മുന്നോടിയായി, പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ നിർദ്ദേശപ്രകാരം ഇസ്രായേൽ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. തൻ്റെ വാക്കുകൾ ഗാസയിലുടനീളമുള്ള മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാനും ഇസ്രായേലിൻ്റെ ഇൻ്റലിജൻസിന് നിർദ്ദേശം നൽകിയതായും റിപ്പോര്ട്ടുകളുണ്ടായിരുന്നു.
‘നിങ്ങളുടെ ആയുധങ്ങൾ താഴെവയ്ക്കണം. എൻ്റെ ജനങ്ങളെ വിട്ടയയ്ക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾക്കു ജീവിക്കാം. അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും’’–നെതന്യാഹു ഹമാസിനോട് പറഞ്ഞു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങൾ ചെയ്യില്ല. ഇസ്രയേലിനത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു.

ഏതാനും പ്ലക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ‘ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്’ എന്ന ചോദ്യവും എ). ഇറാൻ, ബി). ഹമാസ്, സി). ഹിസ്ബുല്ല, ഡി).ഹൂതികൾ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാർഡായിരുന്നു അതിലൊന്ന്.
ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ ഇപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു.
‘‘ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്. അവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് നോട്ടിസുകളും മെസേജുകളും നൽകിയിരുന്നു. എന്നാൽ ഹമാസാണ് അവരെ പള്ളികളിലും സ്കൂളുകളിലും ആശുപത്രികളും തുടരാൻ ആവശ്യപ്പെടുന്നത്. അപകടകരമായ സാഹചര്യത്തിൽ തുടരാൻ അവരെ നിർബന്ധിക്കുന്നത് ഹമാസാണ്.

അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്. ഗാസയിൽ നടത്തുന്നത് വംശഹത്യയാണെങ്കിൽ അവരോട് ഒഴിഞ്ഞുപോകാൻ ഞങ്ങൾ ആവശ്യപ്പെടുമോ. നാസികൾ ജൂതരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നോ?. ഗാസയിലെ ജനങ്ങൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അത് ഹമാസ് മോഷ്ടിച്ചു വിൽക്കുന്നതു കൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു.

ഇറാനെതിരെയുള്ള ഉപരോധങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. ഇറാൻ, ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ഇറാൻ്റെ നേതൃത്വത്തിലുള്ള ‘ഭീകരതയുടെ അച്ചുതണ്ട്’ ലോകത്തിനാകെയും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണ്’’–നെതന്യാഹു വ്യക്തമാക്കി.
