ജൈവ മാലിന്യ സംസ്കരണത്തിൽ മാതൃകയുമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്. കുമ്പളങ്ങി ശുചിത്വതീരം പാർക്കിലുള്ള തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ജൈവ വളം വിപണിയിലിറക്കി.
എക്കോ നോവ ഗ്രീൻ സൊല്യൂഷൻസുമായി ചേർന്നാണ് ‘കുംബോസ് എന്ന പേരിൽ വളം ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചത്.തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ പഞ്ചായത്ത് മികച്ച ജൈവമാലിന്യ സംസ്കരണ മാതൃക അവതരിപ്പിച്ചിരുന്നു.

മാലിന്യമുക്ത നവകേരളം കാമ്പയിനിൽ ജില്ലയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റിതല ജൈവ മാലിന്യ സംസ്കരണ യൂണിറ്റിനുള്ള അംഗീകാരം പഞ്ചായത്തിന് ലഭിച്ചിരുന്നു.മൂന്ന് ടൺ ശേഷിയുള്ള ആറ് യൂണിറ്റുകളാണ് പഞ്ചായത്തിൽ നിലവിലുള്ളത്. ഓഡിറ്റോറിയങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആഘോഷ പരിപാടികൾ, റിസോർട്ടുകൾ, എന്നിവടങ്ങളിൽ നിന്നുമാണ് മാലിന്യം ശേഖരിച്ച് ജൈവ വളം ഉത്പാദിപ്പിക്കുന്നത്.
യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന് നിശ്ചിത വരുമാനം ലഭിക്കുന്നുണ്ട്. ഹരിത കർമ്മ സേന വഴി അജൈവ പാഴ് വസ്തു ശേഖരണത്തിൽ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
