രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പ്രശംസിച്ചു

ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ ഷാഹിദ് അഫ്രീദി പ്രശംസിക്കുകയും മതം ഉപയോഗിക്കുന്നതിന് ബിജെപി സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായിപ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ് എന്നിവ ഉപയോഗിക്കുന്നു. ഇത് വളരെ മോശം മനോഭാവമാണ്. എന്നാല്‍, രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവായ മനോഭാവമുണ്ട്. അദ്ദേഹം സംഭാഷണത്തിൽ വിശ്വസിക്കുന്നു. ഒരു ഇസ്രായേൽ പോരേ നിങ്ങൾക്ക്, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?” പാകിസ്ഥാനിലെ സമ്മാ ടിവിയുമായുള്ള അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കളിക്ക് ശേഷം പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഇന്ത്യൻ ക്യാപ്റ്റൻ ഡ്രസിങ് റൂമിലേക്ക് മടങ്ങി.ഈ സംഭവത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺ‌സിൽ തള്ളുകയും ചെയ്‌തു .