കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തം ; ജുഡീഷ്യൽ അന്വേഷണം;കേന്ദ്രം മരിച്ചവർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അര ലക്ഷവും

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 100 ലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി തമിഴ് നാട് കേസെടുത്തിട്ടുണ്ട്. ദുരന്തത്തിൽ ഡിഎംകെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.