സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി ആശ്രമ സന്ദർശനവും തുടർനടപടികളും ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് യോജിക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.മതം ,ദൈവം , വിശ്വാസം എന്നിവയൊക്കെ പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അവയ്ക്കൊന്നിനും രാഷ്ട്രീയത്തിലോ ഭരണനിർവഹണ പ്രക്രിയയിലോ ഗുണപരമായ ധർമ്മങ്ങളൊന്നും നിർവഹിക്കാനില്ലെന്നും കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡണ്ട് ടി കെ .മീരഭായ്,ജനറൽ സെക്രട്ടറി പി.വി ദിവാകരൻ എന്നിവർ പറഞ്ഞു.ആ നിലയ്ക്ക് പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കും എതിരായ ആൾദൈവസംസ്കാരത്തിന് കേരള സർക്കാരിൻ്റെ പിന്തുണയുണ്ട് എന്ന സന്ദേശം പൊതുസമൂഹത്തിന് ലഭിക്കുന്നത് ഒട്ടും ഗുണകരമാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

സമത്വം, തുല്യനീതി, ജനാധിപത്യം, പൗരാവകാശങ്ങൾ, മതേതരത്വം തുടങ്ങിയ പുരോഗമനമൂല്യങ്ങളോട് ആഭിമുഖ്യമുള്ള ഒരു ജനപദം കേരളത്തിൽ രൂപപ്പെട്ട് വന്നതിന്റെ അടിത്തറ പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച സാമൂഹ്യ നവോത്ഥാന പ്രക്രിയയാണ്.
ശാസ്ത്രബോധവും യുക്തിചിന്തയും ഈ ചരിത്രപ്രക്രിയയുടെ അന്തർധാരകളായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഒരു പരിധി വരെയെങ്കിലും തടയിട്ടത് ഈ സാമൂഹ്യപരിവർത്തന പ്രക്രിയയാണ് എന്നതിൽ ഇന്ന് എല്ലാവരും യോജിക്കും. ഇത്തരമൊരു നവോത്ഥാന പ്രക്രിയയോട് വൈരുദ്ധ്യപ്പെടുകയും അതിൻ്റെ അന്തസത്തയോട് ഒരിക്കലും ചേരാത്ത രീതിസമ്പ്രദായങ്ങൾ പുലർത്തുന്നതുമായ പ്രതിഭാസങ്ങളാണ് കേരളത്തിലടക്കം വളർന്നുവരുന്ന മനുഷ്യ ദൈവങ്ങളും ആത്മീയവ്യാപാരവും.

വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം ശാസ്ത്രവിരുദ്ധ അയുക്തിക പ്രസ്ഥാനങ്ങൾക്ക് വലിയ വളർച്ചയുണ്ടാകുന്നുമുണ്ട്. വിശ്വാസത്തിന്റെയും ഭക്തിയുടെയും മറവിൽ മൂലധന സമാഹരണമാണ് ഇത്തരം ശക്തികൾ നടത്തുന്നത് എന്ന കാര്യം ഒന്നിലേറെത്തവണ കേരളത്തിൽ വെളിപ്പെട്ടിട്ടുള്ളതുമാണ്. കേരളത്തിൻ്റെ ഇടതുപക്ഷബോധം സാമൂഹ്യ നവോത്ഥാനപ്രക്രിയയ്ക്ക് ഒപ്പം വളർന്നു വരികയും നവോത്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ മനുഷ്യദൈവങ്ങളും ആത്മീയവ്യാപാരവും ഈ പ്രക്രിയയ്ക്ക് വിപരീതമായ ചരിത്ര ധർമ്മമാണ് നിർവഹിച്ചിട്ടുള്ളതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി