കുടിയേറ്റ വിരുദ്ധ റാലി ലണ്ടൻ തെരുവുകളിൽ; പിന്തുണച്ച് ഇലോൺ മസ്‌ക്

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലി ലണ്ടൻ തെരുവുകളിൽ സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വഴിയൊരുക്കി.

“യുണൈറ്റ് ദി കിങ്ഡം” എന്ന പേരിൽ നടന്ന റാലിയിൽ പങ്കെടുത്തവർപോലീസുമായി ഏറ്റുമുട്ടി. 26 പോലീസുകാർക്ക് പരിക്കേറ്റു.നാലുപേരുടെ നില ഗുരുതരമാണ്.കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ആളിക്കത്തിച്ച് ബ്രിട്ടീഷ് സ്വത്വം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് റോബിൻസൺ റാലി സംഘടിപ്പിച്ചത്. ഏകദേശം 1.5 ലക്ഷത്തോളം ആളുകൾ മാർച്ചിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

കുടിയേറ്റ വിരുദ്ധ വികാരത്തിൽ ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്‌ക് ഉൾപ്പെടെ രംഗത്ത് വന്നു.. അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കിൽ മരണമാണ് നല്ലതെന്നുമാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്‌ക് പ്രതികരിച്ചത്

റാലിക്കിടെ പ്രതിഷേധക്കാർ പോലീസിനു നേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്തു. അക്രമം ലക്ഷ്യമിട്ടെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. തുടർന്ന് 25 പേരെ അറസ്റ്റ് ചെയ്തു.

ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകനായ ടോമി റോബിൻസൺ, ബ്രിട്ടനിലെ ഏറ്റവും ശക്തരായ തീവ്ര വലതുപക്ഷ നേതാക്കളിൽ ഉൾപ്പെടുന്നു. കുടിയേറ്റക്കാർക്ക് ഇപ്പോൾ ജനങ്ങളെക്കാൾ കൂടുതൽ അവകാശങ്ങളുണ്ടെന്നും ഈ രാജ്യം പടുത്തുയർത്തിയ ജനങ്ങളേക്കാൾ അവർക്കാണ് മുൻഗണനയെന്നും അദ്ദേഹം റാലിയിൽ ആരോപിച്ചു. റോബിൻസണിൻ്റെ അനുയായികൾ പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി.

റാലിയിൽ പങ്കെടുത്ത മറ്റ് പ്രമുഖരും കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോർ, യൂറോപ്യൻ ജനസംഖ്യയെ മുസ്ലീം സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ മാറ്റിസ്ഥാപിക്കുകയാണെന്ന് പറഞ്ഞു. വീഡിയോ കോളിലൂടെ റാലിയിൽ പങ്കെടുത്ത ഇലോൺ മസ്ക്, നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞു.നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്നും ‘നിങ്ങൾ തിരിച്ചടിക്കണം അല്ലെങ്കിൽ മരിക്കും’ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ റാലിക്ക് ബദലായി, ഫാസിസത്തിനെതിരെ ‘സ്റ്റാൻഡ് അപ്പ് ടു റേസിസം’ എന്ന സംഘടന ഒരു മാർച്ചും സംഘടിപ്പിച്ചു. ഏകദേശം 5,000 ആളുകൾ മാത്രം പങ്കെടുത്ത ഈ മാർച്ച്, ‘അഭയാർത്ഥികളെ സ്വാഗതം ചെയ്യുക’, ‘തീവ്ര വലതുപക്ഷത്തെ തകർക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയെങ്കിലും തീരെ ശ്രദ്ധിക്കപ്പെട്ടില്ല.

ബ്രിട്ടനിലെകുടിയേറ്റക്കാരുടെ കൃത്യമായ കണക്കുകൾ വാർഷികാടിസ്ഥാനത്തിൽ ലഭ്യമല്ല. ബ്രിട്ടീഷ് സർക്കാർ എല്ലാ 10 വർഷം കൂടുമ്പോഴാണ് സെൻസസ് വിവരങ്ങൾ പുറത്തുവിടാറുള്ളത്. അതുപോലെ, കുടിയേറ്റക്കാരുടെ മതം സംബന്ധിച്ച വിവരങ്ങളും ഔദ്യോഗികമായി ലഭ്യമല്ല.