പാകിസ്ഥാന്‍റെ ആറ് വിമാനങ്ങൾ തകർത്തതായി വ്യോമസേന സ്ഥിരീകരിച്ചു. വ്യോമയാന മേധാവി എയർ മാർഷൽ എ പി സിംഗ് ആണ് വെളിപ്പെടുത്തൽ നടത്തിയത്..ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലാണ് പാകിസ്താന് തിരിച്ചടി നൽകിയത്.

ഇതിൽ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും ഉൾപ്പെടുന്നു.സൈനിക നീക്കത്തിനിടെ പാകിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള ആദ്യത്തെ വലിയ വെളിപ്പെടുത്തലാണിത്.
തകർക്കപ്പെട്ട “വലിയ വിമാനം” ഒരു എയർബോൺ ഏർളി വാർണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനമാണ്. മെയ് 7-ന് നടന്ന ഈ സൈനിക നടപടിയിൽ പാകിസ്ഥാന്‍റെ വ്യോമസേനയ്ക്ക് ഇത് വലിയ തിരിച്ചടിയായി. ആറ് വിമാനങ്ങൾ ആകാശത്തുവെച്ച് തകർത്തതിനു പുറമേ, പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ അവർക്കുണ്ടായ നാശനഷ്ടങ്ങളും വ്യോമസേന മേധാവി എ.പി.സിംഗ് സ്ഥിരീകരിച്ചു.
ബെംഗളൂരുവിൽ നടന്ന 16-ാമത് എയർ ചീഫ് മാർഷൽ എ പി സിംഗ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങൾ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും തകർത്തു. ഇത് 300 കിലോമീറ്റർ അകലെ നിന്നാണ് വെടിവെച്ചിട്ടത്.ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ സർഫസ്-ടു-എയർ ആക്രമണമാണിത്.”
റഷ്യൻ നിർമ്മിത S-400 മിസൈൽ സംവിധാനം ഒരു “ഗെയിം-ചേഞ്ചർ” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ മിസൈൽ സംവിധാനം തകർക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു.
“നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. അടുത്തിടെ വാങ്ങിയ S-400 സംവിധാനം ശരിക്കും ഒരു വഴിത്തിരിവാണ്. ഈ സംവിധാനത്തിന്റെ റേഞ്ച് പാക് വിമാനങ്ങളെ നമ്മുടെ പരിധിയിൽ നിന്ന് അകറ്റി നിർത്തി. പാകിസ്ഥാന്‍റെ പക്കലുള്ള ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല, കാരണം അവർക്ക് നമ്മുടെ പ്രതിരോധ സംവിധാനം ഭേദിക്കാൻ സാധിച്ചില്ല,” എയർ ചീഫ് പറഞ്ഞു.

പാകിസ്ഥാനിലെ ജാക്കോബാദ്, ഭോലാരി എന്നിവിടങ്ങളിലെ ഹാങ്ങറുകളിലും വ്യോമസേന ആക്രമണം നടത്തി. ജാക്കോബാദിലെ ഒരു ഹാങ്ങറിൽ അറ്റകുറ്റപ്പണികൾക്കായി വെച്ചിരുന്ന അമേരിക്കൻ നിർമ്മിത ചില F-16 വിമാനങ്ങൾ ഈ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഭോലാരിയിൽ മറ്റൊരു വിമാനവും നശിപ്പിക്കപ്പെട്ടതായി കരുതുന്നു.
“ആ ഹാങ്ങറിലെ ഒരു വിമാനവും അവിടെ അറ്റകുറ്റപ്പണിയിലായിരുന്ന ഏതാനും F-16 വിമാനങ്ങളും നശിച്ചതായി സൂചനയുണ്ട്,” എയർ ചീഫ് പറഞ്ഞു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് പാകിസ്ഥാൻ തിരിച്ചറിഞ്ഞതുകൊണ്ടാണ് അവർ വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 10-നാണ് ഏറ്റുമുട്ടലുകൾ അവസാനിച്ചത്.
ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ രാഷ്ട്രീയ നേതൃത്വത്തെയും എയർ ചീഫ് മാർഷൽ സിംഗ് അഭിനന്ദിച്ചു. “വിജയത്തിന്‍റെ പ്രധാന കാരണം രാഷ്ട്രീയ ഇച്ഛാശക്തിയാണ്.

വളരെ വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഞങ്ങൾക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഞങ്ങൾ സ്വയം ഉണ്ടാക്കിയവയാണ്.എത്രത്തോളം ആക്രമിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.
ആസൂത്രണത്തിനും നിർവ്വഹണത്തിനും ഞങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആക്രമണങ്ങൾ കൃത്യമായ അളവിലായിരുന്നു, കാരണം ഞങ്ങൾ പക്വതയോടെയാണ് അത് കൈകാര്യം ചെയ്തത്,” എയർ ചീഫ് മാർഷൽ സിംഗ് പറഞ്ഞു.

മെയ് 7-ലെ ആക്രമണത്തിൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർത്തതിൻ്റെ ‘മുൻപും പിൻപുമുള്ള’ ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. “ഞങ്ങളുടെ കൈവശം ഉപഗ്രഹ ചിത്രങ്ങൾ മാത്രമല്ല, പ്രാദേശിക മാധ്യമങ്ങളിലൂടെ ലഭിച്ച ചിത്രങ്ങളും ഉണ്ടായിരുന്നു. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം തെളിവുകളില്ലാതെ ആളുകളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടായിരുന്നു,” അദ്ദേഹം ഓർമ്മിച്ചു.
ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ, പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു.(കവർ ഫോട്ടോ കടപ്പാട് :പി ടി ഐ )
