കേരളത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുമെന്ന് കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കേരള ഫിലിം പോളിസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്ര സജി ചെറിയാൻ.
ചലച്ചിത്ര-ടെലിവിഷൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ഈ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രിവ്യക്തമാക്കി.

മലയാള ചലച്ചിത്ര വ്യവസായത്തിലെ ചൂഷണ ആരോപണങ്ങളെത്തുടർന്ന് നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഈ നയത്തിന്റെ അടിസ്ഥാനമെന്നും വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നതായും സാംസ്‌കാരിക മന്ത്രി അഭിപ്രായപ്പെട്ടു .”സിനിമയോടുള്ള അഭിനിവേശത്തോടെ ആളുകൾ വ്യവസായത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആ അഭിനിവേശം ചൂഷണം ചെയ്യപ്പെടുന്നു,” വ്യാപകമായ പ്രതിഷേധത്തിന് കാരണമായതും കമ്മിറ്റി രൂപീകരണത്തിലേക്ക് നയിച്ചതുമായ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് ചെറിയാൻ പറഞ്ഞു.

വനിതാ ടെക്നീഷ്യൻമാർക്ക് പ്രസവാവധി, കുട്ടികൾക്കായി ഫിലിം സെറ്റുകളിൽ നഴ്സറികൾ, നിശ്ചിത ജോലി സമയം, ജൂനിയർ ആർട്ടിസ്റ്റുകൾക്കുള്ള ടോയ്‌ലറ്റുകൾ, വസ്ത്രം മാറാനുള്ള മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കോൺക്ലേവിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. അത്തരം എല്ലാ നിർദ്ദേശങ്ങളും അന്തിമ നയത്തിൽ ചർച്ച ചെയ്ത് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.