അട്ടപ്പാടിയിൽ 575 ഏക്കർ വിറ്റ സംഭവം; ലാൻഡ് ബോർഡിന് പരാതി നൽകി നൽകി ഹർജിക്കാരൻ സി എസ് മുരളി .അട്ടപ്പാടിയിൽ വ്യജരേഖകളും ആധാരവും നിർമ്മിച്ച് ഭൂമി കൈയേറ്റം നടത്തുന്നതിൽ ഉന്നതതല അന്വേഷണം നടത്തുക എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. . വ്യാജ ആധാരങ്ങൾ റദ്ദ് ചെയ്യണം. സർക്കാർ ഭൂമിക്ക് കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ കൈവശ സാക്ഷ്യ പത്രങ്ങൾ റദ്ദ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം പാസാക്കുകയും നടപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. പരിധിയിൽ കഴിഞ്ഞ ഭൂമി ഒരു കുടുംബത്തിനും കൈവശം വെക്കാൻ നിയമം അനുവദിക്കുന്നില്ല. അങ്ങനെ കൈവശം വെച്ചാൽ താലൂക്ക് ലാൻഡ് ബോർഡിന് സ്വമേധയ മിച്ചഭൂമി കേസ് എടുക്കാം. മിച്ചഭൂമി സർക്കാരിൽ നിക്ഷിപ്തമാകും. ഈ നിയമം നിലനിൽക്കെ അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ 575 ഏക്കർ സർക്കാർ ഭൂമി ആധാരം നിർമ്മിച്ചു വിൽപ്പന നടത്തിയെന്ന് നിയമസഭയിൽ വെളിപ്പെടുത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. തൊട്ടടുത്ത ദിവസം കെ.കെ.രമ എം.എൽ.എ ഇത് സംബന്ധിച്ച അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സബ്മിഷൻ അവതരിപ്പിച്ചു. മന്ത്രി കെ. രാജൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

വിൽപ്പന പരിശോധിച്ചാൽ ആദ്യം മൂപ്പിൽ നായരുടെ അവകാശിയായ കെ.എം ശശീന്ദ്രൻ ഉണ്ണി ഹൈക്കോടതിയിൽ രണ്ട് ഹർജികൾ നൽകി. അതിലൊന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ മുന്നിലെത്തി. റവന്യൂ അതോറിറ്റി പരിശോധിച്ചു തീരുമാനമെടുക്കാൻ ഉത്തരവായി. അതിന്മേൽ അട്ടപ്പാടി ഭൂരേഖ തഹസിൽദാർ മൂപ്പിൽ നായരുടെ പ്രതിനിധിയെ വിചാരണ നടത്തി. ഭൂമി എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോടെ തഹസിൽദാർ ഹർജി തള്ളി. എന്നിട്ടും കോട്ടത്തറ വില്ലേജ് ഓഫീസർ ഭൂമിക്ക് കൈവശാവകാശ സാക്ഷ്യപത്രം നൽകി മൂപ്പിൽ നായരുടെ കുടുംബത്തെ സഹായിച്ചു. സാക്ഷ്യപത്രത്തിന്റെ പിൻബലത്തിലാണ് ആധാരം ചമച്ചതെന്നാണ് മന്ത്രി പറഞ്ഞത് .

രണ്ടാമത്തെ ഹർജി ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ മുന്നിലെത്തി. കോടതി ഉത്തരവുപ്രകാരം റവന്യൂ വകുപ്പ് മൂപ്പിൽ നായരുടെ പ്രതിനിധിയായ ശശീന്ദ്രൻ ഉണ്ണിയെ ഓൺലൈനായി വിചാരണ നടത്തി. മൂപ്പിൽ നായർ കുടുംബത്തിന് ഭൂവുടമസ്ഥത സംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കി. വിൽപ്പന നടത്തിയത് ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയാണെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതിൽനിന്ന് സർക്കാർ ഭൂമിക്ക് വ്യാജ ആധാരം നിർമ്മിച്ചാണ് ഭൂമി വിൽപ്പന നടത്തിയതെന്ന് വ്യക്തം. ഇത്രയും വിവരങ്ങൾ പുറത്തുവന്നിട്ടും താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി കേസെടുത്തിട്ടില്ല.

അതേസമയം, രജിസ്ട്രേഷൻ വകുപ്പ് ഇപ്പോഴും മൂപ്പിൽ നായർക്ക് ഒപ്പമാണ്. രജിസ്ട്രേഷൻ വകുപ്പ് മധ്യ- ഉത്തരമേഖല ഡി.ഐ.ജി ആർ.മധു നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ആധാരം നടത്തിയതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ മൂപ്പിൽ നായർ കുടുംബം കൊടുത്ത മൊഴിയും അഗളി സബ് രജിസ്ട്രാറുടെ മൊഴിയും ആണ് തെളിവായി രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുതാന്വേഷണം നടത്തിയല്ല റിപ്പോർട്ട് സമർപ്പിച്ചത്. ഇപ്പോഴും വ്യാജ ആധാരങ്ങൾ നിർമ്മിച്ച് വീണ്ടും വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇക്കാര്യത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തണം. ആദിവാസികൾ പാരമ്പര്യമായി ആടുമേയ്ച്ചും കൃഷിചെയ്തും കാലി വളർത്തിയും ജീവിക്കുന്ന സ്ഥലങ്ങളാണ് വ്യാജ ആധാരം സൃഷ്ടിച്ച് വിൽപ്പന നടത്തുന്നത്. അട്ടപ്പാടിയിൽ നിന്ന് ആദിവാസികളെ തുടച്ചുനീക്കാൻ നടത്തുന്ന ഈ യുദ്ധസമാനമായ പ്രവർത്തനത്തെ ജനാധിപത്യ വിശ്വാസികൾ എതിർക്കേണ്ടതുണ്ട്. അതിനാൽ വ്യാജ ആധാരം നിർമ്മിച്ച് സർക്കാർ ഭൂമിയും ആദിവാസി ഭൂമിയും വനഭൂമിയും പിടിച്ചെടുത്തത് സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണം. വ്യാജ ആധാരങ്ങൾ റദ്ദ് ചെയ്യണം. ഇടുക്കിയിലെ ചൊക്രമുടിയിൽ പതിനാലര ഏക്കർ സർക്കാർ ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് കൈയേറിയപ്പോൾ ഉന്നതല അന്വേഷണം നടത്തി. അതുപോലെ അന്വേഷണത്തിന് റവന്യൂ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കണം
അട്ടപ്പാടിയിലെ ആദിവാസികളാണ് ഇതിലെ ഇരകൾ. അതിനാലാണ് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിശബ്ദത പാലിക്കുന്നത്. താലൂക്ക് ലാൻഡ് ബോർഡ് കേസെടുത്താൽ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ഉന്നത തല സംഘം അട്ടപ്പാടി സന്ദർശിച്ച് പരിശോധന നടത്തണം.

ആദിവാസികൾ മാത്രം താമസിക്കുന്ന മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിൽ വൻതോതിൽ ആദിവാസി ഭൂമി കൈയേറി രണ്ടാൾ പൊക്കത്തിൽ വൈദ്യുതി വേലി ഉയർന്നു കഴിഞ്ഞു . ആനത്താരകൾ കെട്ടി അടച്ചു. ഇതിനെല്ലാാം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. കോടത്തറ വില്ലേജ് ഓഫിസർ, അഗളി സബ് രജിസ്ട്രാർ (മൂന്ന് ഉദ്യോഗസ്ഥർ) എന്നിവർ മൂപ്പിൽ നായരുടെ അവകാശികൾക്ക് വേണ്ടി നിയമം ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് പകൽപോലെ വ്യക്തമാണ്. അതിനാാൽ ഇവർക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്നും വ്യാജ ആധാരം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
