ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാമിനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുക്കുന്നതിനു വേണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

കെ എം എബ്രഹാം വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെ ക്കുറിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് സി ബി ഐ അന്വേഷിക്കുവാൻ ഹൈക്കോടതി കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് ഉത്തരവിട്ടിരുന്നു. അനുകൂലബെഞ്ചിൽ ഹർജി ഫയൽ ചെയ്ത ആ ബെഞ്ചിൽ നിന്ന് തന്നെ ഉത്തരവ് വാങ്ങിച്ചെന്നും, അത് ഫോറം ഷോപ്പിങ്ങാണെന്നും വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ചു കൊണ്ട് കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് കത്ത് നൽകിയിരുന്നു. ഈ പ്രവർത്തി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഹർജിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ പരാതി നൽകി.

കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് 2018 ഫെബ്രുവരി 28 നാണ്. സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ബാബു ആ സമയത്തു ജില്ലാ ജഡ്ജിയായിരുന്നു. പിന്നീട് 2021 ഫെബ്രുവരി 25 നാണ് ജസ്റ്റിസ് കെ ബാബു ഹൈക്കോടതി ജഡ്ജിയാവുന്നത് എന്ന വസ്തുത നിലനിൽക്കേ അനുകൂലബെഞ്ചിൽ ഹർജി കൊടുത്ത് അതേ ബെഞ്ചിൽ നിന്ന് തന്നെ അനുകൂല വിധി വാങ്ങിച്ചുവെന്ന കെ എം എബ്രഹാമിന്റെ ആരോപണം സത്യവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ അഡ്വക്കറ്റ് ജനറലിന്റെ അനുമതിയില്ലാതെ ഹൈക്കോടതി ജസ്റ്റിസിന്റെ അഡ് മിനിസ്ട്രേഷൻ സൈഡിൽ റൂൾ 7 പ്രകാരം പരാതി നൽകിയാൽ, ആ പരാതി പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരഭിക്കാവുന്നതാണെന്ന് 2010 ഒക്ടോബർ 12 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജെ. ചെലമേശ്വർ, ജസ്റ്റിസ് കെ എം ജോസഫ് , ജസ്റ്റിസ് എ കെ ബഷീർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഫുൾബെഞ്ചിന്റെ എം വി ജയരാജിനെതിരെയുള്ള കോടതിയലക്ഷ്യ കേസിലെ സുപ്രധാന വിധി ചൂണ്ടിക്കാട്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.