ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങളെ തുടർന്ന് എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയതായി കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജനറൽ കൺവീനർ സി എൻ പുരുഷോത്തമൻ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.ലോട്ടറി ഓഫീസിൽ നിന്നും ഗുരുതരമായ ക്രമക്കേടുകൾ തെളിയിക്കുന്ന ഒട്ടേറെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തതായാണ് അറിയാൻ കഴിഞ്ഞത്.

സി എൻ പുരുഷോത്തമൻ
വിജിലൻസ് റെയ്ഡ് വിവരം അറിഞ്ഞു ലോട്ടറി ഓഫീസർ ഒളിവിൽ പോയതായി സി എൻ പുരുഷോത്തമൻ പറഞ്ഞു.വൻ കിട ലോട്ടറി മാഫിയകൾക്കും അന്യ സംസ്ഥാന ലോട്ടറി ലോബിക്കും ടിക്കറ്റുകൾ വൻ തോതിൽ മറിച്ചു വിറ്റ് ജില്ലാ ലോട്ടറി ഓഫീസർ അഴിമതി നടത്തിയെന്നാണ് പരാതി. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതായി വിജിലന്സ് അറിയിച്ചുയെന്ന് സി എൻ പുരുഷോത്തമൻ പറഞ്ഞു.പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ക്രമക്കേട് സംബന്ധിച്ച് കേസെടുത്ത് അനേഷണം നടത്തുന്ന കാര്യത്തിൽ വിജിലൻസ് തീരുമാനമെടുക്കുക.

90,000 ലോട്ടറി ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസർ തമിഴ് നാട്ടിലെയുംകർണാടകയിലെയും മൊത്ത വിതരണക്കാർക്ക് മറിച്ചു വിറ്റതായാണ് വിജിലൻസിനു ലഭിച്ച പരാതികളിൽ ആരോപിച്ചിട്ടുള്ളത്.കേരളത്തിലെ സാധാരക്കാരായ ലോട്ടറി ഏജന്റുകൾക്ക് വിൽക്കേണ്ട ലോട്ടറി അവിഹിതമായി അയൽ സംസ്ഥാന വിതരണക്കാർക്ക് നൽകുന്നതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് ആരോപണം.കേരളത്തിൽ 30 രൂപയ്ക്ക് വിൽക്കുന്ന ലോട്ടറി തമിഴ്നാട്ടിൽ 50 രൂപയ്ക്കാണ് വിൽക്കുന്നതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.വൻകിടക്കാർക്ക് വിൽക്കുന്ന ടിക്കറ്റുകളിൽ അമ്പത് പൈസ വീതം കമ്മീഷൻ ലോട്ടറി ഓഫീസർ തട്ടുന്നതായും ആരോപണമുണ്ട്.നേരത്തയും ഈ ഉദ്യോഗസ്ഥനെതിരെ ക്രമക്കേടിന്റെ പേരിൽ അനേഷണം നടന്നിട്ടുണ്ട്.

അതേസമയം ഇതുസംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്നാണ് എറണാകുളം ജില്ല ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.
