ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി; 25 ഫലസ്തീനികൾ കൊല്ലപ്പെട്ടു .

ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രേയൽ വൻ ആക്രമണം നടത്തി. ആക്രമണത്തിൽ 25 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ പ്രദേശിക ആശുപത്രികൾ അറിയിച്ചു. ടെന്റുകളിൽ അഭയം തേടിയവർക്കെതിരെയും ഭക്ഷ്യസഹായം തേടിയെത്തിയവർക്കുമെതിരെയാണ് ആക്രമണം ഉണ്ടായത്.
ഗാസയിലെ ഒരുസ്ഥലവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്ക്-വടക്ക് വിത്യാസമില്ലാതെ ഗാസ മുനമ്പിലെങ്ങും ബോബ് ആക്രമണം നടക്കുന്നുണ്ട്. കുട്ടികൾ കഴിയുന്ന ടെന്റുകളിൽ അടക്കം ആക്രമണം തുടരുന്നുണ്ടെന്നും എപി റിപ്പോർട്ട് ചെയ്യുന്നു.

ഗാസയിൽ പട്ടിണി രൂക്ഷമായ സമയത്താണ് ഇസ്രായേലിന്റെ കനത്താക്രമണം. കഴിഞ്ഞ ദിവസമാണ് ഗാസയെ സമ്പൂർണ ക്ഷാമപ്രദേശമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. സംയോജിത ഭക്ഷ്യസുരക്ഷാ ഘട്ട വർഗ്ഗീകരണ സംവിധാനം അനുസരിച്ച്, ഗാസയിലെ ഫലസ്തീനികളുടെ നാലിലൊന്ന് വരുന്ന 5,14,000 ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ട്, സെപ്റ്റംബർ അവസാനത്തോടെ ഇത് 6,41,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാസ സിറ്റിയുടെ വടക്കൻ ഗവർണറേറ്റിലെ ഏകദേശം 280,000 ആളുകൾ ഇതിനകം ക്ഷാമം നേരിടുന്നുണ്ടെന്ന് ഐപിസി റിപ്പോർട്ട് ചെയ്തു, എൻക്ലേവിനായുള്ള ആദ്യ ഇത്തരമൊരു പ്രഖ്യാപനം കൂടിയാണിത്. അടുത്ത മാസത്തോടെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ് എന്നിവയും ക്ഷാമത്തിലേക്ക് വഴുതിവീഴുമെന്ന് മുന്നറിയിപ്പ് നൽകി.

യുദ്ധത്താൽ തകർന്ന പലസ്തീൻ പ്രദേശത്തേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായേലിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഈ വിലയിരുത്തൽ കാരണമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഹമാസിന് വേണ്ടി തയ്യാറാക്കിയതാണ് ഐക്യ രാഷ്ട്രസഭയുടെ റിപ്പോർട്ടെന്ന് ഇസ്രായേൽ പ്രതികരിച്ചു.(കവർ ഫോട്ടോ കടപ്പാട് :ഇന്ത്യൻ എക്സ്പ്രസ് ).