നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്നും പിന്മാറാതെ കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ വീണ്ടും രംഗത്ത്.അതോടെ വീണ്ടും നിമിഷപ്രിയയുടെ ജീവൻ ആശങ്കയിലായി.കാന്തപുരം അബൂബക്കർ ഇടപെട്ട ശേഷം വധശിക്ഷ റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ .എന്നാലിപ്പോൾ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിലുറച്ച് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി.

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് സഹോദരൻ . നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി കൊല്ലപ്പെട്ടയാളുടെ സഹോദരനായ അബ്ദുല്‍ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വധശിക്ഷയ്ക്ക് പുതിയ തിയതി എത്രയും വേഗം നിശ്ചയിക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പുതിയ തിയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. ഇനിയും നീട്ടികൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് മെഹ്ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായി എന്നും മോചനം ഉടനടി ഉണ്ടാകുമെന്നുമുള്ള രീതിയില്‍ കേരളത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരന്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് പ്രോസിക്യൂഷന്‍ കേസ് തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.(കവർ ഫോട്ടോ കടപ്പാട് :ദി വീക്ക് )