ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50 % അധിക തീരുവ;ട്രംപിന്റേത് സാമ്പത്തിക ഭീഷണിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക അധിക തീരുവ 50 % ആക്കിയതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഡോണള്‍ഡ് ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രി മോദിയുടെ ദൗര്‍ബല്യം ജനങ്ങളെ ബലികൊടുക്കാതിരിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. നേരത്തെ ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ തുടര്‍ച്ചയായ വാങ്ങലിന് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ നിരക്ക് ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ തീരുവ പ്രാബല്യത്തില്‍ വരും. ഈ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുന്ന 25 ശതമാനം പ്രത്യേക തീരുവയ്ക്ക് പുറമേയാണിത്.

അതേസമയം, യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. അധിക തീരുവയായി 25 % കൂടി ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചു.