സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു; മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു.അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചു. പിന്നാലെ മന്ത്രിമാരായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. ഇരുവരും ഗവർണർക്ക് പുസ്തകങ്ങളും സമ്മാനിച്ചു. ഇസ്രായേലി ചരിത്രകാരനും ദാര്‍ശനികനുമായ യുവാൽ നോവ ഹരാരി രചിച്ച പുസ്തകങ്ങളാണ് ഇരുവരും സമ്മാനിച്ചത്. അതോടെ ഗവർണർക്കും സംസ്ഥാന സർക്കാരിനുമിടയിൽ മഞ്ഞുരുകാൻ തുടങ്ങി. ഇനി സർവകലാശാലകളിലെ പ്രശ്നങ്ങളും അവസാനിക്കും.

മന്ത്രി ബിന്ദു സാപ്പിയൻസ് (Sapiens) സമ്മാനിച്ചപ്പോള്‍ മന്ത്രി രാജീവ് നല്‍കിയത് നെക്സസ്(Nexus) എന്ന പുസ്തകമാണ്. മനുഷ്യരുടെ ഉത്ഭവത്തില്‍ നിന്ന് ആധുനിക സംസ്കാരത്തിലേക്കുള്ള വികാസം വിശദീകരിക്കുന്ന രചനയാണ് സാപ്പിയൻസ്. ശിലായുഗത്തില്‍ തുടങ്ങി ഇന്ന് നിര്‍മ്മിത ബുദ്ധിയിലേക്കുള്ള വിവരശൃംഖലകളുടെ ചെറുചരിത്രമാണ് നെക്സസ്. വായനാപ്രിയനായ ഗവര്‍ണര്‍ രണ്ടു പുസ്തകങ്ങളും നേരത്തെ വായിച്ചിരുന്നു എങ്കിലും സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചതായി ഗവർണറുടെ ഓഫീസ് കുറിപ്പിൽ വ്യക്തമാക്കി.

ഞായറാഴ്ച രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്നാണ് വിവരം. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രാജ്ഭവന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.