വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന് യുവ ഡോക്ടറെ പരിചയപ്പെട്ടത്. അതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടില്‍ എത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

2023 അവസാനമായപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞ് വേടന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയതായി യുവ ഡോക്്ടര്‍ പറയുന്നു. അതിന് ശേഷം താന്‍ വിഷാദാവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയില്‍ ഉണ്ട്. നേരത്തെ തന്നെ വേടനെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു.കഞ്ചാവ് കേസിലും പീഡന കേസിലും പ്രതിയായ വേടന്റെ പാട്ടുകൾ കോഴിക്കോട് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു.
വിവാദത്തെ തുടർന്ന് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെ പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്യുകയുണ്ടായി . കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നു. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം എം ബഷീർ ആണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വിദഗ്ധ സമിതിയുടെ ശുപാർശയെ അപലപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു.ഉന്നതമേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്നാണ് മന്ത്രി പറഞ്ഞത് .
വേടന്റെ പാട്ടുകൾ സർവകലാശാലയിൽ പഠിപ്പിക്കുമ്പോൾ വേടൻ കഞ്ചാവ് കേസിലും പീഡനക്കേസിലും പ്രതിയായ കാര്യം വിദ്യാർത്ഥികളെ പഠിപ്പിക്കുമോ ? മറുപടി പറയേണ്ടത് വിദ്യാഭ്യാസ മന്ത്രിയാണ്.വേടന്റെ ജീവിതവും പ്രവൃത്തിയുമല്ല വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.മറിച്ച് പാട്ടുകളാണ് എന്ന് മന്ത്രിക്ക് ന്യായീകരിക്കാം .അപ്പോഴും കഞ്ചാവ് കേസും പീഡന പരാതികളും ചോദ്യ ചിഹ്നമാകില്ലേ ?