എം ആർ അജയൻ
amrajayan@gmail.com
കേരളം കലാപ കലുഷിതമാക്കാൻ മറ്റൊരു വിവാദം .അത് വാവറും വാപുരാനും തമ്മിലുള്ള തർക്കമാണ്. ആരൊക്കെയോ ചേർന്ന് അയ്യപ്പൻറെ ഉറ്റമിത്രം വാവറല്ല വാപുരാൻ ആണെന്നും അല്ലെന്നും ചർച്ചകൾ നടക്കുകയാണ്.
വാസ്തവത്തിൽ അനാവശ്യമായ ചർച്ചകളാണിത്.ശബരിമല മറ്റു ക്ഷേത്രങ്ങൾ പോലെയല്ല.മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ് ആ ആരാധനാലയം.കല്ലും മുള്ളുകളും ചവിട്ടി കാനന പാതയിലൂടെ കഷ്ടപ്പെട്ട് മല താണ്ടി,ക്യൂ നിന്ന് പതിനെട്ടാം പടിയും ചവിട്ടി സന്നിധാനത്തിലെത്തുമ്പോൾ അവിടെ തത്വമസി എന്ന ഒരു ബോർഡ് കാണാം.”തത്വമസി” എന്നാൽ “അതു നീയാകുന്നു” എന്നാണ്.അതായത് അയ്യപ്പൻറെ അടുക്കലെത്തുന്ന ലക്ഷക്കണക്കിനായ ഭക്തരോട് നീ തന്നെയാണ് ഈശ്വരനും ഭക്തനും .നീ തന്നെയാണ് നന്മയും തിന്മയും എന്നാണ് പറയുന്നത്..അങ്ങനെ ആഴമേറിയ വിശാലമായ അർത്ഥതലമുള്ള വാക്കാണ് “തത്വമസി”.
“തത്വമസി” എന്നത് ഒരു സംസ്കൃത പദമാണ്. ഇത് ഹിന്ദുമതത്തിലെ ഒരു പ്രധാന തത്വമാണ്, പ്രത്യേകിച്ച് അദ്വൈത വേദാന്തത്തിൽ. ഈ വാക്യം ആത്മാവും (വ്യക്തിഗതമായ സ്വയം) ബ്രഹ്മവും (സർവ്വവ്യാപിയായ ബോധം) തമ്മിലുള്ള ഏകത്വത്തെ സൂചിപ്പിക്കുന്നു.ഇത്തരം സങ്കലപ്പത്തിലധിഷ്‌ഠിതമായ ശബരിമലയിലാണ് വർഗീയ വിഷം തുപ്പുന്ന തരത്തിൽ വാവർ ,വാപുര തർക്കം നടക്കുന്നത്.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല.അതേസമയം പത്തിന് താഴെയുള്ള പെൺകുട്ടികൾക്കും അമ്പതിനു മുകളിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കുന്നതിൽ തടസമില്ല.അതുപോലെ ശബരിമലയിൽ പോകുന്ന ഭക്തർ അയ്യപ്പൻറെ സന്തത സാഹചരിയും മുസ്ലിം മത വിശ്വാസിയുമായ വാവറുടെ എരുമേലിയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിയിലും സന്ദർശനം നടത്താറുണ്ട്.പേട്ട തുള്ളിയശേഷമാണ് വാവർ പള്ളിയിൽ അയ്യപ്പ ഭക്തർ സന്ദർശനം നടത്തുക.ഇത് ഏതാണ്ട് ഒരു നൂറ്റാണ്ടുകാലമായി നടന്നു വരുന്നതാണ്.അതിനിടയിലാണ് കുത്തിത്തിരിപ്പുകളുമായി ചിലർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. സമാധാനപരമായി നടക്കുന്ന സ്ഥലത്ത് വിഷ വിത്തുകൾ എറിഞ്ഞു നേട്ടം കൊയ്യാനാണ് ചിലരുടെ പദ്ധതി.
എരുമേലി വാപുര സ്വാമി ക്ഷേത്രത്തിനെതിരെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ. വാവരുപള്ളി മതസൗഹാർദ്ദത്തിന്റെ പ്രതീകമാണെന്നും അത് നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഴിഞ്ഞ ദിവസമാണ് വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമ്മാണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്. എരുമേലി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശത്തെ തുടർന്നാണ് നിർമാണം തടഞ്ഞത്.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമ്മാണം നടക്കുന്നത്. എന്നാൽ കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച്, കെട്ടിട നിർമ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ക്ഷേത്ര നിർമാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്.
ആരായിരുന്നു വാവർ ? അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവർ. വാവർ സ്വാമി എന്നും അറിയപ്പെടുന്നു. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താംപാട്ടുകളിൽ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്കൃതഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താംപാട്ടുകളിൽ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം ശ്രീഭൂതനഥോപാഖ്യാനത്തിൽ വാപുരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടതായി പറയപ്പെടുന്നു.ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദ ഭൂപടത്തിൽ വലിയ സ്ഥാനമാണു വാവർക്കും അയ്യപ്പനുമുള്ളത്.